തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്ന് പരാതി. ബിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി. അന്‍പുറോസ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മീഷന് വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും അന്‍പുറോസ് പരാതി നല്കി.
കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്ക്കാന് പാടില്ലെന്നാണ് നിയമം. അതിനാല്‍ സമ്മാനം നല്‍കരുതെന്നും തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് ആവശ്യപ്പെട്ടു.
ഇത്തവണത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം അടിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള നടരാജനും സുഹൃത്തുക്കള്‍ക്കുമായിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കോഴിക്കോട് ബാവ ഏജന്‍സി പാലക്കാട് വാളയാറിൽ വിറ്റ TE 230662 ടിക്കറ്റിനാണ് സമ്മാനമടിച്ചത്.