തിരുവനന്തപുരം: ആശ്രിതനിയമനം നേടിയ ശേഷം ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരിൽ നിന്നും നിശ്ചിത ശമ്പളം പിടിക്കാൻ കേരള സർക്കാർ. പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത് അർഹരായവർക്ക് നൽകാനാണ് മന്ത്രിസഭാ തീരുമാനം. ഇത് ആയിരക്കണക്കിന് വയോജനങ്ങൾക്കും അംഗപരിമിതർക്കും വലിയ ആശ്വാസമാകും.
സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാനായി ബന്ധപ്പെട്ട നിയമനാധികാരികളെ ചുമതലപ്പെടുത്തി ഉത്തരവിറക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.ആശ്രിതനിയമനം നേടിയ മക്കളോ മരുമക്കളോ സംരക്ഷിക്കാതുമൂലം കഷ്ടപ്പെടുന്ന നിരവധിപേരുടെ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. സർക്കാർ ജീവനക്കാരിൽമാത്രം ഒതുങ്ങുന്ന നടപടി അടുത്ത ഘട്ടത്തിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി,ദേവസ്വംബോർഡ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലും ബാധമാക്കിയേക്കും.
സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരമാണ് ആശ്രിത നിയമനം ലഭിക്കുന്നത്. മരണമടഞ്ഞ ജീവനക്കാരുടെ മറ്റ് ആശ്രിതരെയും സംരക്ഷിക്കാമെന്ന സമ്മതമൊഴി നൽകിയാണ് സർവീസിൽ പ്രവേശിക്കുന്നത്. ജോലി കിട്ടിയശേഷം പലരും ഈ വ്യവസ്ഥ ലംഘിക്കുന്നു. സർവീസിലിരിക്കെ മരിച്ച ഭർത്താവിന്റെ പേരിൽ ജോലിനേടിയശേഷം ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാത്ത സ്ത്രീകളും അച്ഛന്റെയോ അമ്മയുടെയോ പേരിൽ ആശ്രിതനിയമനം നേടിയശേഷം അച്ഛനമ്മമാരെ പരിപാലിക്കാത്ത മക്കളും ഇതോടെ വെട്ടിലാവും. അംഗപരിമിതരായ ആശ്രിതർക്ക് 17 വയസ്സുവരെ നൽകിവരുന്ന പരിചരണം അതുകഴിഞ്ഞും തുടരനാവശ്യമായ നിർദ്ദേശം കൂടി വ്യവസ്ഥയുടെ ഭാഗമാക്കാനും മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
പരാതി നൽകാം
സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരനൊ ജീവനക്കാരിയൊ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ അവർക്കെതിരെ ആശ്രിതർക്ക് ബന്ധപ്പെട്ട നിയമനാധികാരികൾക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽ പെടുക.
അന്വേഷണവും നടപടിക്രമവും
1. ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി അതത് നിയമനാധികാരികൾ റിപ്പോർട്ട് വാങ്ങണം.
2. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
3. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്നു മാസത്തിനകം അതത് ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. ജില്ല കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
4. ആശ്രിതർക്ക് കുടുംബ പെൻഷൻ ആനുകൂല്യമുണ്ടെങ്കിൽ സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരമുള്ള സംരക്ഷണത്തിന് അർഹതയുണ്ടാവില്ല.
5. സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ആശ്രിതരെയും സംരക്ഷിക്കാൻ ജോലി ലഭിച്ച ജീവനക്കാർ ബാദ്ധ്യസ്ഥരാണ്.