ലോക്സഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദുര്‍ബലമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ സമുദായനേതാക്കളുടെയും മതമേലധ്യക്ഷരുടേതുമാണ്. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും എന്തിന് പഞ്ചായത്തിലേക്കായാല് പോലും സമുദായ മതമേലധ്യക്ഷന്മാരുടെ തീട്ടൂരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങുമായിരുന്നു. ഇത്തവണ അത്തരത്തിലുള്ള ശ്രമങ്ങളൊക്കെ ചില ഭാഗത്തുനിന്ന് നിന്നുണ്ടായെങ്കിലും രാഷ്ട്രീയനേതൃത്വങ്ങള്‍ അതിന് കാര്യമായ പരിഗണനയൊന്നും കൊടുത്തില്ല എന്നതാണ് യഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ കേരളത്തിലെ വിവിധ സമുദായനേതൃത്വങ്ങളെല്ലാം പതിയെ തല പിന്‍വലിച്ച് മന:സാക്ഷിവോട്ടിന്റെ വക്താക്കളായി മാളത്തിലൊതുങ്ങി.
ക്രൈസ്തവസഭകള്‍ പോലും തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രത്യക്ഷമായ പ്രസ്താവനകള്‍ ഒന്നും ഇതുവരെ നടത്തിയില്ല. പിന്തുണ നേടാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അതിന് തയ്യാറല്ലെന്ന് ക്രൈസ്തവസഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാസഭ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇതോടെ നാല് ലോക്സഭാസീറ്റുകളിൽ ക്രൈസ്തവരെ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കം ബിജെപി നേതൃത്വം ഉപേക്ഷിക്കുകയായിരുന്നു. അനില്‍ ആന്റണി മാത്രമാണിപ്പോൾ ക്രിസ്ത്യാനിയായ ബിജെപി സ്ഥാനാർത്ഥി. യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യക്ഷത്തില്‍ പ്രയോജനം ചെയ്യുന്ന ഒരു പ്രസ്താവന പോലും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാനും സഭ ശ്രദ്ധിക്കുന്നുണ്ട്. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കണം, പൗരത്വ ഭേദഗതി നിയമം വര്‍ഗീയ ധ്രൂവീകരണത്തിന് കാരണമാകും തുടങ്ങി ഇടതുവലതു മുന്നണികള്‍ക്ക് യുക്തം പോലെ ഉപയോഗിക്കാവുന്ന ചില പ്രസ്താവനകള്‍ മാത്രമാണ് സഭ ഇതുവരെ നടത്തിയിട്ടുള്ളത്.
മുസ്ലിം സംഘടനകളും ഇത്തവണ പ്രകടമായി ആരെയും പിന്തുണക്കുന്ന സമീപനംകൈക്കൊണ്ടിട്ടില്ല. എസ്ഡിപിഐ മാത്രമാണ് യുഡിഎഫിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത്. അത് പുലിവാലാകുമെന്ന് കണ്ടപ്പോള്‍ പിന്തുണ വേണ്ടെന്ന് യുഡിഎഫ് നേതൃത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു മുസ്ലിം സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും (സമസ്ത) കാന്തപുരം വിഭാഗവും മുജാഹിദ്, ജമാഅത്ത് ഇസ്ളാമി എന്നിവയൊക്കെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിക്കുകയല്ലാതെ പരസ്യ പിന്തുണ ആര്‍ക്കും കൊടുത്തില്ല. മുസ്ലിം ലീഗിനോട് അനുഭാവമുള്ളവർക്ക് മേൽക്കൈയുള്ള പൗരോഹിത്യ സംഘടനയാണ് സമസ്ത . എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിപ്പോലും പരസ്യമായി നിലകൊള്ളാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, പൊന്നാനിയിലെ ഇടതു സ്ഥാനാർഥി സമസ്തയുടെ നോമിനിയുമാണ്, പൊന്നാനി മലപ്പുറം മണ്ഡലങ്ങളിൽ പോലും ഒരു പ്രത്യക്ഷ നിലപാട് എടുക്കാൻ സമസ്തക്ക് കഴിയുന്നില്ല എന്നത് ലീഗിന് തലവേദനയുമാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകള്‍ സ്വീകരിച്ചതിന്റെ നേരെ വിപരീത നിലപാടാണ് ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ അവര്‍ കൈക്കൊള്ളുന്നത്.
എന്‍എസ്എസും എസ്എന്‍ഡിപിയും സമദൂര മനസാക്ഷിവോട്ടില് കിടന്ന് കറങ്ങുകയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പരസ്യമായി യുഡിഎഫിനൊപ്പം നിന്നതാണ്. അദ്ദഹം പിന്തുണ പ്രഖ്യാപിച്ച സീറ്റുകളിലെല്ലാം യുഡിഎഫ് തോറ്റു തുന്നം പാടി. അവസാനം പിന്തുണച്ച് ഉപദ്രവിക്കരുതെന്ന് സുകുമാരന്‍ നായരോട് യുഡിഎഫ് നേതാക്കള്‍ക്ക് തന്നെ പറയേണ്ടി വന്നു. ഇത്തവണ ശശി തരൂരിനെ മാത്രം പിന്തുണക്കുന്ന നിലപാടാണ് സുകുമാരന്‍ നായര്‍ പരസ്യമായി എടുത്തിട്ടുള്ളത്. ആരും പിന്തുണച്ചില്ലങ്കിലും ജയിക്കുമെന്ന നില തിരുവനന്തപുരത്തുള്ളതു കൊണ്ട് തരൂര്‍ പോലും ആ പിന്തുണ കണക്കിലെടുത്തിട്ടില്ല.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇത്തരത്തിലൊരു പരിഹാസ്യമായ തലയിലെഴുത്തുണ്ട്. അദ്ദേഹം ആരെ പിന്തുണച്ചാലും ആ വ്യക്തി എട്ടുനിലയില്‍ പൊട്ടും. സ്വന്തം സമുദായംഗങ്ങള്‍ പോലും അദ്ദേഹത്തിന്റെ പിന്തുണ ആഹ്വാനങ്ങൾ പരിഗണിക്കാറില്ല. മകന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയുടെ സഖ്യകക്ഷിയായി കോട്ടയത്ത് മല്‍സരിക്കുന്നുണ്ട്. മകനെപ്പോലും പിന്തുണക്കാന്‍ വെള്ളാപ്പള്ളിക്ക് ഭയമാണ്. വെള്ളാപ്പള്ളി പിന്തുണച്ചാല്‍ തുഷാറിന് കിട്ടാനുള്ള വോട്ടുകൂടി പോകും. എസ്എന്‍ഡിപി യോഗവും എന്‍എസ്എസിനെ പോലെ സമദൂരവിശ്വാസത്തില് അധിഷ്ഠിതമായാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതും.
എന്താണ് മതസമുദായ സംഘടനകളെ ഇത്തരത്തിലൊരു മനംമാറ്റത്തിന് പ്രേരിപ്പിച്ചത് ? ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയമാണ് എന്നവര്‍ക്ക് കൃത്യമായി അറിയാം. രാമക്ഷേത്രവുമായി വന്ന ബിജെപി പോലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണ് പറയുന്നത്. ഓരോ റേഷന്‍കാര്‍ഡിനും നല്കിയ ധാന്യങ്ങളെക്കുറിച്ചും അനുവദിച്ച ക്ഷേമ പെന്ഷനുകളെക്കുറിച്ചുമാണ് ബിജെപി സംസാരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ കേരളം പോലെ ഇത്രയും രാഷ്ട്രീയ പ്രബുദ്ധമായ സ്ഥലത്ത് പിന്തുണ നിർദ്ദേശം കൊടുത്താൽ അതിന് പുല്ല് വില പോലും ഉണ്ടാകില്ലെന്ന് ജാതിമത സംഘടനകൾക്കും പൗരോഹിത്യനേതൃത്വത്തിനും നന്നായി അറിയാം.