ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേര്‍ന്നുള്ള നുഹില്‍ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി . രണ്ട് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അതിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതായും സംഭവത്തിൽ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്.
ഹരിയാനയുടെ മറ്റു ഭാഗങ്ങളിലേക്കും അക്രമം വ്യാപിക്കുകയാണ്. ഗുഡ്ഗാവിലെ സെക്ടർ 57ലുള്ള അൻജുമൻ മസ്ജിദിനുനേരെ അക്രമിസംഘം വെടിവച്ചതായി ‘സിയാസത്’ റിപ്പോർട്ട് ചെയ്തു. ശേഷം പള്ളിക്കു തീയിടുകയും ചെയ്തു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ പള്ളിയിലെ ഇമാം മൗലാനാ സഅദ് മരിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. പൊള്ളലേറ്റ ഖുർഷിദ് എന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ക്ഷേത്രത്തില്‍ അഭയം തേടിയ 3,000ത്തിലധികം പേരെ മോചിപ്പിച്ചു. കഴിഞ്ഞദിവസം ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേര്‍ന്നുള്ള നുഹില്‍ ആണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്നലെ അർധരാത്രിയോടെ പാൽവലിൽ ഒരു വ്യാപാരിയുടെ ടയർകടയ്ക്ക് അക്രമികൾ തീയിട്ടു. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവമെന്ന് ആരോപണമുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുഡ്ഗാവിൽ കടകളിൽ ഉറങ്ങുന്ന വ്യാപാരികളെ വിളിച്ചുണർത്തി ചോദ്യംചെയ്യുകയും മഖ്അത്തം തിരഞ്ഞു ആക്രമിക്കുകയും ചെയ്യുന്നതായി മാധ്യമപ്രവർത്തകനായ മീർ ഫൈസൽ ട്വീറ്റ് ചെയ്തു. അക്രമം തടയാനായി നൂഹിലെ ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചൊവ്വാഴ്ച വരെ ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കു കേന്ദ്രസേനയെ അയക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും കോൺഗ്രസ് അഭ്യർത്ഥിച്ചു. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കള്‍ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികള്‍ കാറുകള്‍ക്കും തീയിട്ടു.ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.