ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറുകൾക്ക് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് പുതുക്കിയ വില 1655 രൂപയായി. മാസാരംഭം ആയതോടെ പാചകവാതക വിലയിൽ കുറവുവരുത്താൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
നിലവിൽ സിലിണ്ടറൊന്നിന് ഡൽഹിയിൽ 1646 രൂപയും കൊൽക്കത്തയിൽ 1756 രൂപയും മുംബയിൽ 1598 രൂപയുമാണ് വില. ജൂൺ മാസത്തിലും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് വില കുത്തനെ കുറച്ചിരുന്നു. അന്ന് 69.50 രൂപയാണ് കമ്പനികൾ കുറവുവരുത്തിയത്. ഇതോടെ രണ്ട് മാസത്തിനിടെ 100 രൂപയ്ക്ക് മേൽ കുറവുണ്ടായി. ഏപ്രിൽ, മേയ് മാസങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്ക് വിലകുറച്ചിരുന്നു. ഏപ്രിലിൽ 30.50 രൂപയും മേയിൽ 19 രൂപയുമാണ് കുറച്ചത്. എല്ലാമാസവും ഒന്നാംതീയതിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങി കമ്പനികൾ വില പുതുക്കുന്നത്.