തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് നിയമസഭ.
രാഷ്ട്രീയ ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തേയും നേരിടാനുള്ള മനക്കരുത്തും തന്റേടവും ഉണ്ടായിരുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ഏത് കാര്യം ചെയ്യുമ്പോഴും അത് സ്വന്തം മനഃസാക്ഷിയെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന വാക്ചാതുര്യമുള്ള വലിയ പ്രാസംഗികനായിരുന്നില്ല ഉമ്മന്‍ ചാണ്ടി, എന്നാല്‍ ജനങ്ങളെ കൈയിലെടുക്കാനുള്ള രാഷ്ട്രീയ സാമര്‍ഥ്യം ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് അവസാനിക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തയിടെ വിട പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമനെയും സ്പീക്കര്‍ അനുസ്മരിച്ചു. അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച നേതാവിരുന്നു വക്കം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും ആധുനിക രീതിയില്‍ കേരള ഹൗസ് പുതുക്കി പണിതതും ഗവ. മെഡിക്കല്‍ കോളജുകള്‍ റഫറല്‍ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവിന്റെ ഉദാഹരണങ്ങളാണെന്നും സ്പീക്കര്‍ അനുസ്മരിച്ചു.