തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്…
കിലോയ്ക്ക് 45 രൂപയായിരുന്ന തേങ്ങക്കിന്ന് മൊത്ത വ്യാപാരശാലകളിൽ 60 രൂപക്ക് മുകളിൽ ആണ് വില. ചില്ലറകച്ചവടക്കാർ നൽകുന്നത് 70 മുതൽ 80 രൂപ വിലയിലും. തേങ്ങക്ക് വില കൂടിയതോടെ എണ്ണയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്.180 രൂപയിൽ കിടന്ന എണ്ണ വില ഇന്ന് 220 രൂപയാണ്. ഒരുതരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത തേങ്ങയ്ക്കും എണ്ണയ്ക്കും വില കൂടിയതോടെ താളം തെറ്റിയിരിക്കുന്നത് സാധാരണക്കാരുടെ ബജറ്റാണ്
തമിഴ്നാട്ടിലും മൈസൂരിലും കർണാടകയിലും ഒക്കെ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ അവിടെ നിന്നും കയറ്റി അയക്കുന്ന തേങ്ങകളുടെ വില കൂടി. ഇതാണ് കേരളത്തിലും വിലകൂടാൻ കാരണം. ഡിസംബർ വരെയുള്ള കാലം സ്വതവേ തേങ്ങയുടെ ഉൽപാദനം കുറവുള്ള സമയമാണ്. അതിനാൽ അടുത്തവർഷം ജനുവരി വരെ ഈ വിലക്കയറ്റം ഇങ്ങനെ തുടരുമെന്ന് വിലയിരുത്തപ്പെടുന്നത്.