ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാരന്. വിമാനത്തിലെ ഭക്ഷണം വെയ്ക്കുന്ന ഭാഗത്ത് നിന്ന് പാറ്റയെ കണ്ടെത്തിയെന്നും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് യാത്രക്കാരന് എക്സില്‍ കുറിച്ചു.
തരുണ്‍ ശുക്ലയെന്ന എക്സ് ഹാന്‍ഡിലാണ് വീഡിയോ പങ്കിട്ടത്. ”വിമാനത്തിന്റെ ഭക്ഷണ വിഭാഗത്തില്‍ പാറ്റകള്‍, ശരിക്കും അങ്ങേയറ്റം മോശമായ കാര്യം” തരുണ്‍ ശുക്ല കുറിച്ചു.
സംഭവത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവന്‍ ഇടങ്ങളും നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി അടിയന്തര നടപടി സ്വീകരിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു.
‘ഞങ്ങളുടെ ഒരു വിമാനത്തില്‍ വൃത്തിഹീനമായ മൂല കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഞങ്ങളുടെ ജീവനക്കാര്‍ ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ഞങ്ങള്‍ വിമാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വൃത്തിയാക്കുകയും ഫ്യൂമിഗേഷന്, അണുവിമുക്തമാക്കല്‍ നടപടിക്രമങ്ങളും നടത്തി. ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.