കൊച്ചി: തിരുവനന്തപുരത്തുനിന്നും കാസർഗോട്ടേയ്ക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്കിയ പ്രഭാതഭക്ഷണപ്പൊതിയിൽ പാറ്റകളെ കണ്ടെന്ന പരാതിയുമായി യാത്രക്കാർ. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് പോയ കുടുംബമാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.
ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. ഭക്ഷണം പാക്ക് ചെയ്യുന്പോൾ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കേറ്ററിംഗ് വിഭാഗത്തിന്റെ വിശദീകരണം. ട്രെയിനിനുള്ളിലുള്ള പാറ്റകള്‍ സ്റ്റോറേജ് യൂണിറ്റില്‍ കടന്നുകൂടി ഭക്ഷണ പാക്കറ്റുകളില്‍ കയറിയതാണെന്നും ഇവർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.