കൊച്ചി : യൂറോപ്പിൽനിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ് . തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) വിഭാഗത്തിൽപ്പെട്ട കപ്പലാണ് യൂറോപ്യൻ കമ്പനിക്കുവേണ്ടി കൊച്ചിയിൽ നിർമിക്കുക. ഡീസലിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് കപ്പലായിരിക്കുമിത്.
സമുദ്രമേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് ഇത് ഉപയോഗിക്കുക. നോർവെയിലെ വാർഡ് എഎസാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനവും മൂന്ന് 1300 ഇകെഡബ്ല്യു ഡീസൽ ജനറേറ്ററുമാണ് ഇതിന് കരുത്തുപകരുക. കൂറ്റൻ ലിഥിയം ബാറ്ററിയാണ് ഉപയോഗിക്കുക. മികച്ച സുരക്ഷാസംവിധാനങ്ങളും സുഖസൗകര്യങ്ങളുമുള്ള ഈ കപ്പലിന്റെ പ്രധാന ക്യാബിന് 54 സാങ്കേതികവിദഗ്ധരെയും ജീവനക്കാരെയും ഉൾക്കൊള്ളാനാകും. മറ്റൊരു കപ്പൽകൂടി നിർമിച്ച് നൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും കൊച്ചിൻ ഷിപ്യാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രണ്ടുപതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പൽ നിർമാണമേഖലയിൽ സജീവമായ കൊച്ചിൻ ഷിപ്യാർഡ് ഇതിനകം യുഎസ്, ജർമനി, നെതർലൻഡ്സ്, നോർവെ, ഡെന്മാർക്ക്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കായി അമ്പതിലധികം കപ്പലുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ഒരു ജർമൻ കമ്പനിക്കുള്ള എട്ട് വിവിധോദ്ദേശ്യ യാനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.