കൊച്ചി : അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് ഭാരം നിറച്ച് കപ്പലിനെ ബാലന്‍സ് ചെയ്യിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കപ്പല്‍ നിവത്തി ചരക്കുകള്‍ നീക്കം ചെയ്യുകയെന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഈ ദൗത്യം ഫലം കാണുന്നില്ലെന്നാണ് വിവരം. പ്രതികൂലമായ കാലാവസ്ഥയില്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.
സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടന്‍ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിതിരിക്കുകയാണ്.
അതേസമയം കപ്പലില്‍ നിന്ന് കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ നാവികസേനയുടേതടക്കം മറ്റ് കപ്പലുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പല്‍ കടലില്‍ മുങ്ങിയാല്‍ കപ്പല്‍ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ ഭീകരമാകും. പരിസ്ഥിതി നാശം അടക്കമുള്ളവയ്ക്കിടയാക്കും. ഇന്ധനം കടലില്‍ കലര്‍ന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആധുനിക ഉപകരണങ്ങളും വിദഗ്ധ സഹായവും തേടുകയാണ്.