വോട്ടുചെയ്യല്‍ മാത്രമല്ല, വോട്ടുമറിക്കലും ചിലപ്പോഴൊക്കെ രാഷ്ട്രീയത്തിലെ അനിവാര്യതയാകാറുണ്ട്. 2003ല്‍ എംപിയായിരുന്ന ജോര്‍ജ്ജ് ഈഡന് മരിച്ചതിനെ തുടര്‍ന്നുണ്ടായ എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രബലമായ കരുണാകര വിഭാഗം സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എംഎ ജോണിനെതിരെ വോട്ട് മാറി ചെയ്യുകയും ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ വിജയിക്കുകയും ചെയ്ത സംഭവമാണ് കേരളത്തിലെ വോട്ടുമറിക്കല്‍ തന്ത്രത്തിന്റെ ക്ളാസിക് ഉദാഹരണം. ഡോ. സെബാസ്റ്റ്യൻ പോളിന്റെ ചിഹ്നം ടിവിയായിരുന്നു. എല്ലാവരും ടിവി കാണണം എന്ന ഒറ്റവാചകത്തിലൂടെയാണ് കെ കരുണാകരന് വോട്ടുമറിക്കല്‍ മാമാങ്കം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയും യുഡിഎഫ് കണ്‍വീനർ ഉമ്മന്‍ ചാണ്ടിയും എറണാകുളത്ത് ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പണിയെടുത്തിട്ടുപോലും കരുണാകരന്റെ വോട്ട് അട്ടിമറിയെ തടയാന്‍ പറ്റിയില്ല.
വോട്ട് മറിക്കുക എന്നത് ശരിക്കും ഒരുകലയാണ്. കരുത്തരായ, താഴെത്തട്ടിൽ വരെ സ്വാധീനമുള്ള നേതാക്കൾക്ക് മാത്രമേ തങ്ങള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ വോട്ടുമറിക്കാന്‍ കഴിയുകയുളളു. ഈ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പോലെ കടുത്ത രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ വോട്ടുമറിക്കല്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. ഒരു ലോക്സഭാ മണ്ഡലത്തില്‍ 1300-1600 വരെ പോളിംഗ് ബൂത്തുകളാണ് ഉള്ളത്. സ്വാധീനമുള്ള സംസ്ഥാനനേതാവിന് ഒരു ബൂത്തില്‍ അമ്പത്-നൂറു വോട്ടുകള്‍ സ്വന്തം സ്ഥാനാർത്ഥിക്ക് നൽകാതെ മാറ്റി ചെയ്യിക്കാൻ അത്ര ബുദ്ധിമുട്ടില്ല. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഒരു ലോക്സഭാ മണ്ഡലത്തില്‍ ഇത്തരത്തില്‍ മറിക്കാൻ പറ്റും. അത്രയും വോട്ടുകള്‍ മറിയുക എന്നത് തെരെഞ്ഞെടുപ്പ് ഫലത്തെ തലകീഴായി തിരിക്കുക എന്നാണര്‍ത്ഥം. കെ കരുണാകരന്, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ പാർട്ടിയിലെ തന്നെ ചില എതിരാളികളെ പരാജയപ്പെടുത്താന്‍ ഇത്തരത്തില്‍ വോട്ട് എതിർ പാർട്ടിയിലെ സ്ഥാനാർത്ഥിക്ക് മറിച്ചു നൽകിയിട്ടുണ്ട്. 1999ല്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിച്ച തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ട് വോട്ട് മറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ ആരോപിച്ചിരുന്നു. കേരളം കണ്ട ശ്രദ്ധേയമായ വോട്ട് അട്ടിമറി നടന്നത് 1996ല്‍ മാരാരിക്കുളം മണ്ഡലത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയാകാന്‍ മല്‍സരിച്ച കമ്യൂണിസ്റ്റ് അതികായന് വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ പ്രബലമായിരുന്ന സിഐടിയു പക്ഷം വോട്ടു മറിച്ച് തോല്‍പ്പിച്ചതോടെ കേരളത്തിലെ സിപിഎമ്മിന്റെ ജാതകം തന്നെയാണ് മാറിയത്. 2004ലെ വടക്കാഞ്ചേരി ഉപതെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച കെ മുരളീധരനെ തോല്‍പ്പിക്കാന്‍ കോൺഗ്രസ്സിലെ തന്നെ എ ഗ്രൂപ്പ് വ്യാപകമായി വോട്ട് മറിച്ചുവെന്ന ആരോപണവും പിന്നീട് ഉയര്‍ന്നു.
ഇത്തവണ വോട്ടുമറിക്കല്‍ ഭീഷണിവ്യാപകമായി നിലനില്‍ക്കുന്ന മണ്ഡലം തൃശൂരാണ്. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു അനുകൂലമായി സിപിഎം കേന്ദ്രങ്ങളില്‍ നിന്നും വോട്ടുമറിക്കലുണ്ടാകുമെന്ന കരക്കമ്പി പരന്നിട്ടുണ്ട്. സുരേഷ് ഗോപി, നരേന്ദ്രമോദിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം തൃശൂരില്‍ നിന്നും ജയിക്കേണ്ടത് മോദിയുടെ ആവശ്യമാണ്. സിപിഎം നേതാക്കള്‍ക്കെതിരെ കരുവന്നൂര്‍ മുതല്‍ മാസപ്പടിവരെയുള്ള കേസുകള്‍ മോദിയുടെയും അമിത് ഷായുടെയും കയ്യിലിരിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ തകൃതിയായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിനെ വരിഞ്ഞു മുറുക്കാന്‍ ശേഷിയുള്ള കേസുകളാണ് ഇവയെല്ലാം. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് പിണറായി വിജയനു പോലും പറയാന്‍ കഴിയാത്ത അവസ്ഥ. വിജയന് വിചാരിച്ചാല്‍ സുരേഷ് ഗോപിക്കനുകൂലമായി സിപിഎം വോട്ടുകള്‍ മറിയില്ലേ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ശശി തരൂരിന് കിട്ടുന്നതും ഇതുപോലെ തന്നെയാണ്. 2014ല്‍ വിജയത്തിന്റെ വക്കത്തെത്തിയ ഒ രാജഗോപാല്‍ തോറ്റത് സിപിഎം വോട്ടുകള്‍ ശശി തരൂരിന് വ്യാപകമായി കിട്ടിയത് കൊണ്ടാണ്.
വളരെ സ്വാധീനശക്തിയുള്ള നേതാക്കള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വോട്ടുകള്‍ മറിക്കാന്‍ സാധിക്കൂ. വിശ്വസ്തരായ നേതാക്കള്‍ വഴിയാണ് പോളിങ്ങിൽ അട്ടിമറി നടത്തുന്നത്. ഒരു ബൂത്തില്‍ നിന്നും മിനിമം 100 വോട്ടുകള്‍ മറിക്കണമെങ്കില്‍ ആ ബൂത്തില്‍ അത്രയേറെ സ്വാധീനമുള്ള പ്രാദേശിക നേതാവിനെ സാധിക്കൂ. അത്തരം സ്വാധീനമുളള നേതാക്കളെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഉന്നതരായ നേതാക്കള്‍ക്ക് വിചാരിച്ചാലേ ഒരു ലോക്സഭാ മണ്ഡലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഒക്കെ ഇത്തരത്തില്‍ വോട്ടുമറിച്ച് അട്ടിമറി നടത്താനും കഴിയുകയുള്ളു. വോട്ടു മറിക്കലിന് തെരഞ്ഞെടുപ്പുകളുടെ അത്രയും തന്നെ പഴക്കമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പോലും ഇത്തരം അട്ടിമറികൾ നടന്നിട്ടുണ്ട്. നമ്മുടെ നാട്ടിലൊക്കെ ഇത് തെരെഞ്ഞെടുപ്പുകള്ക്കിടയിലുള്ള സാധാരണ സംഭവങ്ങള്‍ മാത്രംമായി മാറിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എവിടെയെങ്കിലും ഇത്തരം വോട്ടു മറിക്കൽ നടന്നാല്‍ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മൂന്ന് മുന്നണികള്‍ക്കുമറിയാം. എന്നാല്‍ അവര്‍ അത് പ്രതീക്ഷിക്കുന്നുമുണ്ട്