തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക് കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചെന്നാണ് അധികൃതർ പറയുന്നത്. ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജി എസ് ടി വകുപ്പുമായി ബന്ധപ്പെട്ട ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
എക്സാലോജിക് രജിസ്റ്റർ ചെയ്തത് കർണാടകയിലായതിനാൽ അവിടെയാണ് പണം അടച്ചത്. എത്ര തുകയാണ് അടച്ചതെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ധനകാര്യവകുപ്പ് പുറത്ത്വിട്ടിട്ടില്ല. വ്യക്തിഗത വിവരമായതിനാലാണ് അവ പുറത്തുവിടാത്തത്. നേരത്തെ മാത്യു കുഴൽനാടൻ ധനമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐജിഎസ്ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്.എക്സാ ലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിന്റെ ഐ.ജി.എസ്.ടി അടച്ചതിന്റെ അടച്ചതിന്റെ രേഖ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കേരള സ്വതന്ത്ര തൊഴിലാളി യൂണിയൻ നേതാവായ സെബാസ്റ്റ്യൻ പാലത്തറയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോളാണ് ഈ മറുപടി നൽകിയത്.
സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ജി.എസ്.ടി വകുപ്പിന്റെ മറുപടി. ഒരു നികുതിദായകൻ സർക്കാരിന് നൽകുന്ന നികുതിയുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മറുപടിയിൽ പറഞ്ഞു.