കൊച്ചി : മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊഴിപ്പകര്‍പ്പ് തേടി ഇ ഡി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികളിലേക്ക് ഇഡി കടക്കുകയാണ്.
സിഎംആര്‍എല്‍ കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ച ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും വീണ വിജയന് അടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും ഇഡി എറണാകുളം സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നു കണ്ടെത്തിയായിരുന്നു സെഷൻസ് കോടതി കുറ്റപത്രം സ്വീകരിച്ചത്. വീണാ വിജയന്, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കം എട്ടു പേരും അഞ്ച് സ്ഥാപനങ്ങളുമാണ് എസ്എഫ്ഐഒ കുറ്റപത്രം അനുസരിച്ച് പ്രതിപ്പട്ടികയിലുള്ളത്. എക്സാലോജിക് കമ്പനിക്ക് 2.70 കോടി രൂപ സിഎംആർഎലിൽനിന്ന് ലഭിച്ചെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തൽ.