കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂർണ്ണവിവരം എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറാതെ സിഎംആർഎൽ. സാമ്പത്തിക ഇടപാടിന്റെ രേഖയും കരാറുമാണ് ഇ.ഡി സിഎംആർഎല്ലിനോട് ആവശ്യപ്പെട്ടത്. കരാർ രേഖയടക്കം നൽകിയില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
എന്നാൽ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഐടി സെറ്റിൽമെന്റ് നടപടിയുടെ ഭാഗമായതെന്നാണ് സിഎംആർഎൽ വിശദീകരണം. അതേസമയം സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശശിധരൻ കർത്തയും സിഎംആർഎൽ ഉദ്യോഗസ്ഥരും നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
എക്സാലോജിക്കിനു സിഎംആർഎലിൽനിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണു നിലവിലെ കേസിലേക്കു നയിച്ചിരിക്കുന്നത്. ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുകയെന്നു പറയുന്നുണ്ടെങ്കിലും എന്താണു സേവനമെന്നു വ്യക്തമായിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നായിരുന്നു ഇത്.