തിരുവനന്തപുരം : ബ്രത്ത് അനലൈസറിനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെയും കുടുംബത്തിന്റെയും ഉപരോധത്തിൽ നടപടിയുമായി സിഎംഡി. ഡ്രൈവർ നിലവിൽ ഹാജരാകേണ്ടെന്ന് സിഎംഡി അറിയിച്ചു.
സ്റ്റേഷൻ മാസ്റ്ററോടും വെഹിക്കിൾ സൂപ്പർവൈസറോടും ഹാജരാകാൻ നിർദേശം നൽകി. റിപ്പോർട്ട് വിശദമായി നോക്കിയ ശേഷമാകും ഡ്രൈവറെ വിളിപ്പിക്കുക. വിഷയത്തിൽ നേരത്തെ സിഎംഡിയോട് ഗതാഗതമന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.
പാലോട് – പേരയം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ആണ് പരാതിയുമായി രംഗത്തുള്ളത്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത താൻ ബ്രത്ത് അനലൈസറിൽ ഊതിയപ്പോൾ സിഗ്നൽ കാണിച്ചുവെന്നാണ് ജയപ്രകാശ് പറയുന്നത്. മെഷിൻ കേടാണെന്നാണ് ആരോപണം. ജയപ്രകാശ് കുടുംബസമേതം കെഎസ്ആർടിസി ഡിപ്പോയിൽ എത്തി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ഉപവാസം അനുഷ്ടിച്ചായിരുന്നു പ്രതിഷേധം.