


തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമൂലം അറിയിക്കും.
കെ രാജന്, റോഷി അഗസ്റ്റിന്, പി രാജീവ്, വി ശിവന് കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതിയില്‍ ഉണ്ടാകുക
അതേസമയം, പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫിന്റെ വിജയമാണെന്നും ഇടതുപക്ഷ ആശയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.’ വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്ക് എടുക്കാന്‍ സിപിഐ ഇല്ല. വിജയത്തിന്റെ കാര്യമാണെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണ്. കാബിനറ്റ് യോഗം നടക്കുകയാണ്. യോഗതീരുമാനം അതുകഴിഞ്ഞാല്‍ ഉടനെ തന്നെ മുഖ്യമന്ത്രി അറിയിക്കും’. ബിനോയ് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ്, സിപിഐ മന്ത്രിമാര്‍ യോഗത്തിനെത്തിയത്.
പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ആവശ്യത്തില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സിപിഐക്ക്. എന്നാല്‍ കരാര്‍ ഒപ്പിട്ടസ്ഥിതിക്ക് ഇത് റദ്ദാക്കുന്നതിലുള്ള സാങ്കേതികമായ പ്രശ്നങ്ങളാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വരിക. ചില വ്യവസ്ഥകളോടെ കരാര്‍ അംഗീകരിക്കണോ കരാര്‍ പൂര്‍ണ്ണമായി റദ്ദാക്കി നിയമപരമായി മുന്നോട്ട് പോകുമോ എന്നതും സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് പിടിച്ചുവാങ്ങുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് കരാറിലൊപ്പിട്ടതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം.