തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. മന്ത്രിമാര്‍ നേരിട്ട് പോയി സംസാരിച്ചിട്ടുപോലും സര്‍ക്കാരിന് അനുകൂലമായ ഒരു നിലപാടിലേയ്ക്ക് ഗവര്‍ണര്‍ എത്തുന്നില്ലെന്ന് കത്തില്‍ പറയുന്നു.എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാര്‍ നിര്‍ത്തി റോഡില്‍ ഇറങ്ങിയ സംഭവവും കാലിക്കട്ട് സര്‍വകാശാലയില്‍ നടന്ന കാര്യങ്ങളും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ മിഠായിത്തെരുവില്‍ പോയി ജനങ്ങളുമായി ഇടപെട്ടത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.