പുതുപ്പള്ളി: അന്തരീക്ഷത്തിലെ കനത്തചൂടിനൊപ്പം പുതുപ്പള്ളിയിലെ പോരാട്ടച്ചൂടും കനക്കുകയാണ്. ഇരുമുന്നണികളും ബിജെപിയും പരമാവധി നേതാക്കളെ പുതുപ്പള്ളിയിലിറക്കി വോട്ട് ശേഖരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും.
ഇന്നെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് വൈകുന്നേരം നാലിന് പുതുപ്പള്ളിയിലും അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തും പ്രസംഗിക്കും. നിരവധി വിഷയങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിപക്ഷം നിരത്തുന്നുണ്ടെങ്കിലും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വാഹന പര്യടനം തുടരും.
അതേസമയം, യുഡിഎഫിന്റെ നേതാക്കളെല്ലാം പുതുപ്പള്ളിയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരനും എല്ലാം ക്രമീകരിച്ചുകൊണ്ട് മുന്നില്‍നിന്നു നയിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രിക്കു മുമ്പേ പുതുപ്പള്ളിയില്‍ ഇറങ്ങികഴിഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസിന്റെ പ്രചാരണത്തിനായി മന്ത്രിമാര്‍ കൂട്ടത്തോടെയാണ് പുതുപ്പള്ളിയിലിറങ്ങിയിരിക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസനസദസാണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ പി.രാജീവ്, കെ.രാധാകൃഷ്ണന്, ആന്റണി രാജു, അഡ്വ. പി.എ.മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്, സജി ചെറിയാന്, എം.ബി.രാജേഷ്, കെ.രാജന്, പി.പ്രസാദ്, വീണാ ജോര്‍ജ്, എ.കെ. ശശീന്ദ്രന് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ വികസന സദസില്‍ പങ്കെടുക്കും.