കോട്ടയം : മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുമ്പോള്‍ പൊതുസമ്മേളനത്തില്‍ പങ്കടുക്കേണ്ട ആളുകളടെ എണ്ണത്തിനു ക്വാട്ട നിര്‍ദേശിച്ച് സിപിഎം. എൽഡിഎഫ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ കെ.എം. രാധാകൃഷ്ണനാണ് എല്ലാ മേഖലാ കമ്മറ്റി ചുമതലക്കാർക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
24ന് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പങ്കെക്കുന്ന പൊതുസമ്മേളനത്തില്‍ പുതുപ്പള്ളി മേഖലയില്‍ നിന്നും 2,500 പേരും വാകത്താനം മേഖലയില്‍ നിന്നും 500 പേരെയും പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അയര്‍ക്കുന്നത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ അയര്‍ക്കുന്നം മേഖലയില്‍നിന്ന് 2,500 പേരെയും പൂവത്തിളപ്പില്നിന്ന് മറ്റക്കരയില്‍ നിന്നും 500 വീതം പേരെ പങ്കെടുപ്പിക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
24-നാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തുന്നത്. 24ന് ഉച്ചയ്ക്ക് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നത്തും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.