കൊച്ചി: മിശ്ര വിവാഹത്തിൽ ഇടത് സംഘടനകൾക്കെതിരായ നാസർ ഫൈസി കൂടത്തായിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിശ്ര വിവാഹ ബ്യൂറോ നടത്തലല്ല എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പണി. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിന് മറ്റു മാനങ്ങൾ നൽകേണ്ടതില്ല. അതെല്ലാം അങ്ങ് തടഞ്ഞുകളയാമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം പെൺകുട്ടികളെ ഇതര മതസ്ഥർക്ക് വിവാഹം ചെയ്തുകൊടുക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നേതൃത്വം കൊടുക്കുന്നു എന്നായിരുന്നു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ ആരോപണം. പാർട്ടി ഓഫീസുകളിൽ ഈ സംഘടനകളുടെ നേതൃത്വത്തിൽ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുകയാണെന്നും നാസർ ഫൈസി ആരോപിച്ചിരുന്നു.