തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മകള്‍ വീണയ്ക്കെതിരായ കേസ് ഗൗരവതരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങള്‍ മോഹിച്ച് നില്‍ക്കുന്നത്. അതങ്ങനെ മോഹിച്ച് നിന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.
‘മകള്‍ക്കെതിരായി വരുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ് അത് അത്രവേഗം കിട്ടുന്ന ഒന്നല്ല. മകള്‍ക്കെതിരായ മാസപ്പടി കേസിന്റെ ലക്ഷ്യം താനാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതാണ്. സേവനത്തിന് നല്കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
‘ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ എന്നെയാണ് ലക്ഷ്യമിടുന്നത്. മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതിയിലുള്ള കേസ് കോടതിയുടെ വഴിക്ക് നീങ്ങിക്കൊള്ളും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വീശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.