ന്യൂഡൽഹി: നാളെ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്നത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായതുകൊണ്ടാണ് ഈ സമരം തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരാളെയും തോൽപ്പിക്കാൻ ലക്ഷ്യമിട്ടല്ല, സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യമാകെ കേരളത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ലാളനയും ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് പീഡനവുമാണ് കേന്ദ്രത്തിന്റെ നയമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 7000 കോടിയാണ് ഈ വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചത്. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിർബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഇല്ലാത്ത അധികാരമാണ് കേന്ദ്രം ഉപയോഗിക്കുന്നത്.
ജനങ്ങൾക്ക് നൽകുന്ന വീടുകൾ ആരുടെയും ഔദാര്യമല്ല. ലൈഫ് പദ്ധതിക്കായി സംസ്ഥാനം 17,104 കോടി രൂപയാണ് ചെലവാക്കിയത്. ഈ തുകയുടെ 12 ശതമാനം മാത്രമാണ് കേന്ദ്രം നൽകിയത്. ലൈഫ് വീടുകൾ കേന്ദ്രത്തിന്റേതായി ബ്രാൻന്റ് ചെയ്യാൻ കേരളത്തിന് ഉദ്ദേശമില്ല. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതി നഷ്ടമായി. റവന്യു കമ്മി ഗ്രാന്റ് വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടി ആയി എന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവർണർമാർ പ്രവർത്തിക്കേണ്ടത് എങ്ങനെയാണ് എന്നതിന് വിപരീതമാണ് ഇപ്പോൽ കാണുന്നത്. സാമ്രാജ്യത്വ കാലത്തെ റസിഡന്റുമാരെ പോലെയാണ് ഗവർണർമാർ പെരുമാറുന്നത്. ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ വഴിയിൽ ഇരിക്കുന്നതാണ് കാണുന്നത്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരൻമാരുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ കിഫ്ബിയെ ശാക്തീകരിക്കുന്നത്. കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നുവെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. കൊച്ചി വാട്ടർ മെട്രോ, കെ ഫോൺ എന്നിവയിലെല്ലാം കിഫ്ബി നിക്ഷേപമുണ്ട്. ദീർഘകാല ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കിഫ്ബിക്ക് എതിരെ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.