കോഴിക്കോട്: കോണ്‍ഗ്രസ് ഇതര നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസും ആ വേട്ടയ്ക്കൊപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ ഇഡി നീക്കത്തിന് വഴി വച്ചത് കോണ്‍ഗ്രസാണ്. എന്തുകൊണ്ട് കേജരിവാളിനെ കേസില്പ്പെടുത്തുന്നില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് പരസ്യമായി സ്വീകരിച്ചത്.ഡല്‍ഹി സര്‍ക്കാരിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസാണ്. കേജരിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാണിക്കണം.
‘‘ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യത്തിന്റെ റാലിക്കു താങ്ങാവുന്നതിലും കൂടുതൽ ആളുകൾ വന്നു. കോൺഗ്രസും ഇതിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. മറ്റു പാർട്ടികളെ വേട്ടയാടുമ്പോൾ ബിജെപിക്കൊപ്പമാണു കോൺഗ്രസ് നിൽക്കുന്നത്. കോൺഗ്രസാണു മദ്യനയത്തിനെതിരെ കേസ് ഫയൽ ചെയ്തത്. അത് ഇ.ഡിക്കു കടന്നുവരാൻ വഴിയൊരുക്കി. ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. റാലിയിൽ കോൺഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്തതും നല്ല കാര്യം.
പൗരത്വഭേദഗതി നിയമം എല്ലാ ജനവിഭാഗത്തെയും ബാധിക്കും. വിഷയത്തില്‍ കോണ്‍ഗ്രസിന് അഭിപ്രായം പോലും പറയാനാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അസമിൽ പൗരത്വ നിയമം നടപ്പാക്കിയപ്പോൾ 19 ലക്ഷം പേർക്കു പൗരത്വം നഷ്ടമായി. ആര്‍എസ്എസ് അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഭരണഘടനാ മൂല്യം തകര്‍ത്തു. ഇന്ത്യാ മുന്നണിയുടെ മഹാറാലിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ റാലി ബിജെപിക്ക് മുന്നറിയിപ്പും കോണ്‍ഗ്രസിന് അനുഭവപാഠവുമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപപാട് പരിഹാസ്യമാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ നേരിടാനാണു രാഹുൽ വരുന്നതെന്നു പറയാൻ സാധിക്കുമോ? ഇവിടെ എൽഡിഎഫാണല്ലോ പ്രധാന എതിർകക്ഷി. അപ്പോൾ രാഹുൽ ആരെ നേരിടാനാണു വരുന്നത്? രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിന്റെ അനൗചിത്യം രാജ്യം ചർച്ച ചെയ്തതാണ്’’– മുഖ്യമന്ത്രി പറഞ്ഞു.