തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. 87 സ്ത്രീകള്‍, 98പുരുഷന്മാര്, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
91 പേര് പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര് താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര് താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുന്നുണ്ട്. 40 ടീമുകള്‍ ആറ് മേഖലകളായി തിരഞ്ഞാണ് പരിശോധന നടത്തുന്നത്. സിവില്‍ ഡിഫന്‍സ് ഉള്‍പ്പടെ ഫയര്‍ഫോഴ്സില്‍ നിന്നും 460 പേരും ദേശീയദുരന്തനിവാരണ സേനയില്‍ നിന്ന് 120അംഗങ്ങളും വനംവകുപ്പില്‍ 56 പേരും പൊലീസില്‍ നിന്ന് 64 പേരും ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 640 പേരും തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്ന് 44 പേരും കേരളാ പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന 15 പേരും ഉള്‍പ്പടെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്. ആറ് നായകളും ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ തിരച്ചിലില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി. അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെ എത്തിച്ചാണ് തിരച്ചില്‍. പരിശോധനയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബെയ്സ്ഡ് റഡാര്‍ ഉടന്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടകളും ശോഭ ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്നും എല്ലാവരും ഒന്നിച്ച് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ