തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചു നൽകുമെന്നും അവരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുനരധിവാസം രണ്ടുഘട്ടമായി നടത്തുമെന്നും അതിന് സ്പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു.
ഇപ്പോൾ ഒറ്റനില വീടാണ് നിർമ്മിക്കുന്നത്. ഭാവിയിൽ രണ്ടാം നില കെട്ടാവുന്ന ബലത്തിലാവും അടിത്തറ. വീടുകൾ ഒരേ മാതൃകയിലാവും. ടൗൺഷിപ്പിൽ പൊതു ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന. മാറി താമസിച്ചവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ടൗൺഷിപ്പ് എവിടെയാണെന്നും നിർമ്മാണം എന്ന് തുടങ്ങുമെന്നും വ്യക്തമാക്കിയില്ല.
ജീവനോപാധി ഉറപ്പാക്കും
പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും.തൊഴിലെടുക്കാൻ കഴിവുള്ള പരമാവധി പേർക്ക് തൊഴിൽ ഉറപ്പാക്കും. എല്ലാ സ്ത്രീകൾക്കും തൊഴിൽ പരിശീലനം നൽകും. കർഷകർക്ക് കൃഷി സൗകര്യം. വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെയും പുനരധിവസിപ്പിക്കും. ദുരന്തമേഖലയിൽ സ്കൂൾ അടുത്തയാഴ്ച തുറക്കും. സെപ്തംബർ രണ്ടിന് പ്രവേശനോത്സവം. ദുരന്ത സ്ഥലത്തെ സ്കൂൾ പുനർ നിർമ്മിക്കാനാവുമോ എന്ന് വിദഗ്ദ്ധർ പരിശോധിക്കും.വയനാടിനൊപ്പം വിലങ്ങാടിലെ ദുരന്തബാധിതരെയും പുനരധിവസിപ്പിക്കും.
അതിജീവനം, സാന്ത്വനം
ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരുമാസം തികയുമ്പോൾ കണ്ണീർക്കയങ്ങളിൽ നിന്ന് വയനാട് പതിയെ കര കയറുകയാണ്. കൃത്യമായ ഏകോപനത്തിലൂടെ പ്രഖ്യാപിച്ചതിനും മുമ്പേ മുഴുവൻ കുടുംബങ്ങളെയും താത്ക്കാലികമായി പുനരധിവസിപ്പിച്ചു. പ്രാഥമിക ധനസഹായ വിതരണവും പൂർത്തിയായി.
”ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിക്ഷോഭങ്ങളെ പറ്റി മുന്നറിയിപ്പുകൾ ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ സഹായം തേടും. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തും.”
–മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തിൽ
വയനാട് ദുരന്തം
മരണം 231
കാണാതായവർ 78
കിട്ടിയ ശരീരഭാഗങ്ങൾ 217
പരിക്കേറ്റവർ 71
ഡി.എൻ.എയിലൂടെ തിരിച്ചറിഞ്ഞവർ 42
അപ്രത്യക്ഷമായ വീടുകൾ183
പൂർണ്ണമായി തകർന്ന വീടുകൾ145
ഭാഗികമായിത തകർന്നത് 170
വാസയോഗ്യമല്ലാത്തത് 240
നഷ്ടമായ കൃഷിയിടം 340ഹെക്ടർ