കണ്ണൂർ : കേരളത്തോട് അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. അവരുമായി സഹകരിക്കാൻ അനുവദിക്കുന്നില്ല. ഇവിടെ നല്ലതൊന്നും നടക്കാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ സമീപനം. ധർമടം മണ്ഡലത്തിലെ എൽഡിഎഫ് കുടുംബസംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബുദബി മാരത്തൺ കേരളത്തിൽ നടത്താൻ അവർ താൽപ്പര്യം പ്രകടിപ്പിച്ചു. ലോക മത്സരമായതിനാൽ കേന്ദ്രത്തിന്റെ അനുമതി ചോദിച്ചു. ഇതുവരെ അനുമതി നൽകിയിട്ടില്ല. കേരളത്തിലേക്ക് എന്തിനാണ് പോകുന്നതെന്നാണ് അവരോട് ചോദിച്ചത്. കേന്ദ്രത്തിന് താൽപ്പര്യമുള്ള മറ്റൊരു സംസ്ഥാനത്തിന്റെ പേരുംപറഞ്ഞു. ഇത്തരം കാര്യങ്ങളിൽപോലും ഇങ്ങനെയായാൽ എന്താകും സ്ഥിതി. കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഇവിടുത്ത ബിജെപിയുമായി കോൺഗ്രസ് നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ദീർഘകാല പദ്ധതിയുടെ ഭാഗമാണത്. എൽഡിഎഫിന്റെ സ്വാധീനമാണ് ബിജെപി കേരളത്തിൽ വളരാതിരിക്കാനുള്ള കാരണം.
ആ സ്വാധീനം തകർക്കാൻ ബിജെപിയും കേന്ദ്രസർക്കാരും വഴിതേടുകയാണ്. കേരള സർക്കാരിനെ അപമാനിക്കുന്ന പ്രചാരണങ്ങൾ അതിന്റെ ഉദാഹരണമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്കെത്തിക്കാനാണ് നവകേരള സദസ് ആലോചിച്ചത്. അത് ബഹിഷ്കരിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.