തിരുവനന്തപുരം : പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്. അതിന്റെ പേരിലാണ് സിപിഎം ലീഗിനെ ക്ഷണിച്ചത്. എന്നാൽ ഞങ്ങൾക്ക് അറിയായിരുന്നു ഈ പറഞ്ഞത് നടപ്പിലാക്കാൻ കുറച്ച് പ്രയാസമുള്ള കാര്യമാണെന്ന്. കാരണം അവർ യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്നതാണ്. ലീഗില്ലെങ്കിൽ യുഡിഎഫിന് നിലനിൽപ്പുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ യുഡിഎഫിന്റെ അടിസ്ഥാനമെന്നത് ഇന്ത്യൻ മുസ്ലീം ലീഗ് ആണെല്ലോ. അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വ്യാമോഹവും സിപിഎമ്മിന് ഉണ്ടായിരുന്നില്ല. ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ പലസ്തീന് ഐക്യദാർഢ്യ റാലി പരിപാടി സംഘടിപ്പിച്ച് നല്ല കാര്യമാണ്. നമ്മുടെ രാജ്യത്ത് പലസ്തീൻ അനുകൂല നിലപാട് ശക്തിപ്പെട്ടു വരുന്നു എന്നതാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനെ അനുകൂലിക്കുന്ന നിലപാടാണ് രാജ്യം നേരത്തെ സ്വീകരിച്ചു വന്നിരുന്നത്. പിന്നീടൊരു ഘട്ടവന്നപ്പോൾ ചിലർ മാറി. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഇസ്രയേലിനോടു കൂടുതൽ അടുപ്പമുണ്ടായത്. ഇപ്പോൾ അതിന്റെ പരമോന്നതയിൽ എത്തി നിൽക്കുന്നു. അതിന്റെ യഥാർഥ കാരണം അമേരിക്കയെ പ്രീണിപ്പിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ താൽപര്യത്തിന് അനുസരിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നീങ്ങുന്നത്. അമേരിക്കൻ താൽപര്യത്തെ പൂർണമായും അംഗീകരിക്കുന്നതു കൊണ്ട് ഇസ്രയേലിനൊപ്പം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി പലസ്തീനെ തള്ളുകയാണ്. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പലസ്തീന് അനുകൂല പ്രകടനങ്ങൾ നടക്കുന്നുണ്ട്.