തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
31നുശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. എന്നാൽ, അവസാനഘട്ട പ്രചാരണത്തിനു മാത്രമായിരിക്കും മറ്റു മന്ത്രിമാരെത്തുക. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇന്ന് ജെയ്ക്ക് സി. തോമസ് മത-സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.എസ്.എസ് ആസ്ഥാനത്തും ഓർത്തഡോക്സ് അരമനയിലും മന്ത്രി വി.എൻ വാസവനൊപ്പമാണ് സ്ഥാനാർത്ഥി സന്ദര്‍ശനം നടത്തിയത്. എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക്ക് കണ്ടു. യാക്കോബായ സഭാ കോട്ടയം ഭദ്രാസന മെത്രാപൊലീത്തയെയും സന്ദർശിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനെയും നേരില്‍കണ്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനങ്ങള്‍ക്ക് എല്‍.ഡി.എഫ് തുടക്കമിട്ടിട്ടുണ്ട്. നാളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. 16ന് ജെയ്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.