തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി. ഉദ്യോഗസ്ഥലത്തിൽ നേരത്തെ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ വീണ്ടും പരിശോധന വേണമെന്നാണ് നിർദേശം. വകുപ്പ് സെക്രട്ടറിമാരോടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നവകേരള സദസ്സിലെ പരാതി പരിഹാരം വേഗത്തിലാക്കാൻ മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഈ മാസം 12ന് ചേരും.
നവകേരള സദസ്സ് കൊണ്ട് സർക്കാർ ഉദ്ദേശിച്ചത് ജനങ്ങള്‍ക്കുള്ള പരാതികള്‍ വേഗത്തില്‍ പരിഹരിക്കുകയായിരുന്നു. 140 മണ്ഡലങ്ങളിലൂടെയുള്ള യാത്രയില്‍ ഏഴര ലക്ഷത്തോളം പരാതികള്‍ സർക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. ഇതില്‍ പരമാവധി വേഗത്തില്‍ തീർപ്പുകല്‍പ്പിക്കാനുള്ള നിർദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മുൻകാലങ്ങളിൽ എപ്പോഴെങ്കിലും ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും തീർപ്പുണ്ടാക്കുകയും ചെയ്ത പരാതികൾ നവകേരള സദസ്സിൽ വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ കൃത്യമായ പരിശോധനയും നടപടിയും വേണമെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന നിർദേശം.
ഒരിക്കൽ തീർപ്പുകൽപ്പിച്ചതാണെന്ന് കരുതി നവകേരള സദസ്സില്‍ ലഭിച്ച പരാതികളെ അവഗണിക്കാൻ പാടില്ല. അന്നത്തെ തീരുമാനത്തിൽ തൃപ്തി ഇല്ലാത്തത് കൊണ്ടാകും വീണ്ടും പരാതിയുമായി നവകേരള സദസ്സിൽ എത്തിയത്. അതുകൊണ്ട് പുതിയ പരാതികളിൽ കൃത്യമായ തീരുമാനം വേണമെന്നും സ്വീകരിച്ച നടപടി അപേക്ഷകനെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതികളുമായി ബന്ധപ്പെട്ട തുടർനടപടികള്‍ സ്വീകരിക്കാന്‍ ഈ മാസം 12ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തിൽ ഓരോ വകുപ്പുകളിൽ ലഭിച്ച പരാതികളും അതിൽ ഇതുവരെ കൈക്കൊണ്ട നടപടികളും പരിശോധിക്കും. തുടർനിർദേശങ്ങളും ഉണ്ടാകും.