ഉദയ്പൂര്‍ : മേവാറിന്റെ 77ാംമത് മഹാറാണയായി ബിജെപി എംഎല്‍എ വിശ്വരാജ് സിങ് മേവാര്‍ സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെ ഉദയ്പൂര്‍ കൊട്ടാരത്തിന് മുന്നില്‍ വന്‍ സംഘര്‍ഷം. കൊട്ടാര സന്ദര്‍ശനത്തിനായും അതിനകത്തെ ക്ഷേത്രസന്ദര്‍ശനത്തിനായും എത്തിയ അദ്ദേഹത്തെ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. തന്റെ അനുയായികളോടൊപ്പമാണ് വിശ്വരാജ് സിങ് മേവാര്‍ എത്തിയത്.
ബിജെപി മുന്‍ എംപിയും മേവാറിന്റെ മഹാറാണയുമായ മഹേന്ദ്രസിങിന്റെ മരണത്തെ തടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വിശ്വരാജ് സിങ് മേവാര്‍ മഹാറാണയായി സ്ഥാനാരോഹണം ചെയ്തത്. കൊട്ടാരത്തിന്റെയും ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം വിശ്വരാജിന്റെ അമ്മാവന് അരവിന്ദ് സിങ് മേവാറിന്റെ കീഴിലുള്ള ട്രസ്റ്റിന് കീഴിലാണ്. അരവിന്ദ് സിങ് മേവാര്‍ വിശ്വരാജ് സിങിന് പ്രവേശനം നിഷേധിച്ചതോടെയാണ് കൊട്ടാരത്തിന് മുന്നില്‍ സംഘര്‍ഷം ഉണ്ടായത്.
സിറ്റിപാലസിന് മുന്നില്‍വച്ച് ബാരിക്കേഡുകള്‍ വച്ച് വിശ്വരാജ് സിങിനെയും അനുയായികളെയും പൊലീസ് തടഞ്ഞു. ഇതോടെ അദ്ദഹത്തിന്റെ അനുയായികള്‍ പൊലീസിന് നേരെ കല്ലെറിയുകയും കൊട്ടാരത്തിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് കൊട്ടാരത്തിനകത്ത് തമ്പടിച്ചവര്‍ ഇവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു
കിരീടധാരണത്തിന് ശേഷം കൊട്ടാരത്തിനുള്ളിലെ ധൂനി മാതാക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനായാണ് വിശ്വരാജ് സിങ് എത്തിയത്. എന്നാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇപ്പോഴുണ്ടായ സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് വിശ്വരാജ് സിങ് മേവാര്‍ പറഞ്ഞു. അരവിന്ദ് സിങ് മേവാറിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെ നടപടികള്‍ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.