


ന്യൂഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പിറന്നാള്‍ ആശംസയുമായി കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഡല്‍ഹി ജന്തര്‍ മന്തിറില്‍ തുടരുകയാണ്. ഇതിനിടെ ഇന്ന് ധര്‍മേന്ദ്ര പ്രധാന്റെ പിറന്നാളായിരിക്കെ അഭിജീത് ദീപ്കെ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്.
‘പിറന്നാളാശംസകള്‍ ധര്‍മേന്ദ്ര പ്രധാന്, ദയവ് ചെയ്ത് രാജിവെക്കൂ’, എന്ന് ഒരു വൈറ്റ് ബോര്‍ഡില്‍ അഭിജീത് ദീപ്കെ എഴുതുന്ന വീഡിയോയാണ് അദ്ദേഹം തന്നെ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. ജന്തര്‍ മന്തിറിലെ സമരത്തിനിടെയുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. കൂടെയുള്ളവര്‍ പിറന്നാള്‍ ഗാനം ചുറ്റിലും നിന്ന് പാടുന്നതും കേള്‍ക്കാം.
‘ധര്‍മേന്ദ്ര പ്രധാന്, നിങ്ങള്‍ക്ക് നല്ലൊരു പിറന്നാള്‍ ആശംസിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്ത് തരണം, നിങ്ങള്‍ രാജിവെക്കണം. പിറന്നാള്‍ സമ്മാനം എന്ന നിലയില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് രാജിക്കത്ത് അയക്കാം, അതില്‍ ഒരു വിരലടയാളം വെച്ചാല്‍ മാത്രം മതി’, അഭിജീത് ദീപ്കെ പരിഹസിച്ചു.
അതേസമയം നീറ്റ് ചോദ്യപേപ്പറിലെ ചോര്‍ച്ചയ്ക്ക് പിന്നാലെ ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തിറില്‍ സിജെപി നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവര്ത്തകന് സോനം വാങ്ചുക്കും രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച ജന്തര്‍ മന്തിറില്‍ നിരാഹാര സമരം നടത്തും.
ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നുമാണ് സോനം വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സിജെപിയുടെയും വാങ് ചുക്കിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഐ നേതാവ് ആനി രാജയുള്‍പ്പെടെയുള്ളവര്‍ സമരവേദിയിലെത്തി.