കോട്ടയം: തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിലെ സിഐടിയു ജീവനക്കാരും ബസുടമ രാജ്മോഹൻ കൈമളും തമ്മിലുണ്ടായിരുന്ന തൊഴിൽത്തർക്കം പരിഹരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.
രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളെ റൊട്ടേഷൻ വ്യവസ്ഥയിൽ പുനഃക്രമീകരിച്ച്, എല്ലാ ജീവനക്കാർക്കും തുല്യ വേതനം ഉറപ്പാക്കാമെന്ന് അറിയിച്ചതോടെയാണ് സമരം ഒത്തുതീർന്നത്.ഇതിനായി വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ 15 ദിവസം വീതം എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും.
നാളെ മുതൽ ബസ് ഓടി തുടങ്ങുമെന്ന് ഉടമയും സിഐടിയു നേതാക്കളും അറിയിച്ചു. ഇന്ന് നടന്ന രണ്ടാമത്തെ ചർച്ചയാണ് വിജയം കണ്ടത്. ഇനി പരസ്പരം പഴിചാരണ്ട, വരുമാനമുള്ള ബസുകളിൽ ഒരുപോലെ ജീവനക്കാർക്കു ജോലിചെയ്യാമെന്ന തീരുമാനത്തിലാണെത്തിയത്. ഈ വിഷയത്തിൽ സർക്കാരും തൊഴിൽമന്ത്രിയും ഇടപെട്ടിരുന്നു.
ഇന്ന് നടന്ന ആദ്യത്തെ ചർച്ചയിൽനിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയിരുന്നു. പൊലീസിന്റെ കൺമുന്നിലിട്ട് രാജ്മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആർ. അജയ് ചർച്ചയിൽ പങ്കെടുത്തതായിരുന്നു ബഹിഷ്കരണത്തിന് കാരണം.