കോട്ടയം : തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി ബസ്സുടമ രാജ്മോഹൻ. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ പ്രവാസിയായ രാജ്മോഹൻ നീക്കം നടത്തിയത്. എന്നാൽ കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു പറഞ്ഞു.
തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിശ്ചലമാക്കിയ ബസ് പൊലീസ് സംരക്ഷണത്തോടെ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇന്ന് രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിഐടിയു /സിപിഎം നേതാക്കൾ തടഞ്ഞു നിർത്തി. കൊടിതോരണം നീക്കുന്നതിനിടെയാണ് രാജ്മോഹനെ ഇവർ തടഞ്ഞത്.കൊടി മാറ്റാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകൻ തന്നെ മർദിച്ചതായി രാജ്മോഹൻ ആരോപിച്ചു.
പൊലീസ് നോക്കിനിൽക്കെയാണ് തന്നെ മർദിച്ചതെന്നും ബസുടമ പറഞ്ഞു രാജ്മോഹനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം രാജ്മോഹനെ മർദിച്ചിട്ടില്ലെന്നാണ് സിഐടിയു പറയുന്നത്. കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിശദീകരണം. ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നും സിഐടിയു അറിയിച്ചു.