പൗരത്വ ഭേദഗതി നിയമം-2019 നിയമമായിക്കഴിഞ്ഞിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ ആക്റ്റ് നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്തു കൊണ്ടായിരിക്കാം അത് ? നരേന്ദ്രമോദി പറഞ്ഞ പോലെ 370ല്‍ അധികം സീറ്റാണ് ബിജെപി ലോക്സഭയില്‍ ലക്ഷ്യമിടുന്നത് എന്നത് കൊണ്ട് തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പൗരത്വ നിയമഭേദഗതി നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം വരുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിനര്‍ത്ഥം തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ബ്രഹ്മാസ്ത്രം വരെ ബിജെപി എടുത്തു ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ്.
ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് എത്ര കണ്ട് നിര്ണ്ണായകമാണെന്നതിന്റെ എറ്റവും പ്രകടമായ ഉദാഹരണമാണിത്. ഏകീകൃത സിവില്‍കോഡ്, അസംബ്ളിയിലും പാര്‍ലമെന്റിലും 33% സ്ത്രീസംവരണം എന്നിവ 2029ലെ തെരഞ്ഞെടുപ്പിലേക്ക് മാറ്റി വെച്ചിരിക്കുകയാണെന്ന് ബിജെപിയുടെ ചില കേന്ദ്രനേതാക്കള്‍ പറയുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിനെ തങ്ങള്‍ മറികടന്നുവെന്ന ധാരണ പരത്താന്‍ വേണ്ടിയാണ് ബിജെപി ബുദ്ധികേന്ദ്രങ്ങള്‍ ഇത്തരത്തിലൊരു പ്രചാരണം നടത്തുന്നത്. ആര്‍ടിക്കിള്‍ 370ന്റെ നിര്‍മ്മാര്‍ജ്ജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വഭേദഗതി നിയമം എന്നിവയാണ് ബിജെപിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാന പൊളിറ്റിക്കല്‍ വാഗ്ദാനങ്ങളായി ഉണ്ടായിരുന്നത്. ഇവ മൂന്നും തങ്ങള്‍ നടപ്പിലാക്കിയെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപി വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം 2019 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതുതന്നെ പശ്ചിമബംഗാളിനെയും അസമിനെയും ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു. കാരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ നിയമം കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കില്ല. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യാ പാക് വിഭജന കാലത്തും അതിന് ശേഷം 1971ലെ യുദ്ധകാലത്തും പിന്നീടുള്ള സമയങ്ങളിലും ബംഗാളിലേക്കും അസമിലേക്കും കുടിയേറിയ ഹിന്ദുക്കള്‍ക്ക് (ഇവര്‍ കൂടുതലും ദളിതരാണ്) ഇന്ത്യന്‍ പൗരത്വം നല്‍കുക, അതോടൊപ്പം ബംഗ്ലാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് ബംഗാളിലും, അസമിലും എത്തിയിട്ടുളള റോഹിംഗ്യകള്‍ അടക്കമുള്ള മുസ്ലിം വിഭാഗത്തിന് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയാതെ ഇരിക്കുക എന്നതാണ് അടിസ്ഥാനപരമായും ഈ നിയമം കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലിമുകളും തദ്ദേശീയരും തമ്മില്‍ അസമിലും ബംഗാളിലും നിരവധി ഏറ്റമുട്ടലുകളും രക്തരൂക്ഷിത കലാപങ്ങളും നടന്നിട്ടുണ്ട്. 2012ല്‍ മാത്രം നടന്ന കലാപത്തില്‍ 80 പേര് കൊല്ലപ്പെടുകയും 40000 ത്തോളം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
35% മുസ്ലിംകളാണ് അസമിലുളളത്. ഇതില്‍ ഭൂരിഭാഗവും യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശില്‍ നിന്ന് വിവിധ കാലങ്ങളിൽ അസമിലേക്ക് കുടിയേറിയതാണെന്നാണ് തദ്ദേശിയരായ ബോഡോകള്‍ പറയുന്നത്. 1983ല്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ക്കെതിരെ നടന്ന ആക്രമണത്തിൽ 3000 ത്തോളം പേര് കൊല്ലപ്പെടുവെന്നാണ് ഔദ്യോഗിക കണക്ക്. അസമിലെ 30 അസംബ്ളി മണ്ഡലങ്ങളില്‍ കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്ലിംകൾക്കാണ് ഭൂരിപക്ഷമെന്നതാണ് ബിജെപിയെ ചൊടിപ്പിക്കുന്നത് (ആകെ അസംബ്ളി മണ്ഡലങ്ങൾ 126) അസമിലെ കോണ്‍ഗ്രസ് ഭരണകാലത്താണ് ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റം പ്രോല്സാഹിപ്പിക്കപ്പെട്ടതെന്നാണ് ബിജെപി ആരോപിക്കുന്നത്.
മത്വാസ്, രാജ്ബനി, നാമശൂദ്ര എന്നീ ഹിന്ദുവിഭാഗങ്ങളാണ് 1947ലെ വിഭജനകാലത്തും അതിന് ശേഷവും ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്ക് അഭയാര്‍ത്ഥികളായി എത്തിയത്. ഇതില്‍ മത്വാസ് വിഭാഗത്തില്‍ പെടുന്നവര്‍ ബംഗാളിലെ ജനസംഖ്യയില്‍ 10-15% വരും. ഇവരെല്ലാം പിന്നോക്ക ദളിത് വിഭാഗത്തില്‍പ്പെട്ടവരുമാണ്. ബംഗാളിലെ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ഇവര്‍ വലിയ സ്വാധീനശക്തിയാണ്. നിലവില്‍ ഈ ലോക്സഭാമണ്ഡലങ്ങളില് രണ്ടെണ്ണത്തില്‍ ബിജെപിയാണ് ജയിച്ചിട്ടുള്ളത്. രാജ്ബനി, നാമശൂദ്ര വിഭാഗങ്ങളില്‍പ്പെട്ടവര്‍ വളരെ ചെറിയ കൂട്ടരാണ്. ഇതില്‍ പെടുന്ന ലക്ഷണക്കണക്കിന് ഹിന്ദുക്കള്‍ക്ക് പൗരത്വം കൊടുക്കുമ്പോള്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലിംങ്ങൾക്ക് പൗരത്വം കിട്ടുകയുമില്ല. ബംഗാളിന്റെയും അസമി്ന്റെയും രാഷ്ട്രീയഭൂപ്രകൃതി മാറ്റാനും ഈ സംസ്ഥാനങ്ങള്‍ തങ്ങളുടെ കൈകളിലാക്കാനുമുള്ള പ്രധാന ഉദ്ദേശത്തോടെയാണ് മോദി സര്‍ക്കാര്‍ സിഎഎ കൊണ്ടു വന്നതെന്ന് അഭിപ്രായപ്പെടുന്നരാണ് ഭൂരിപക്ഷവും.
ഏതായാലും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ ജനകീയ വിഷയങ്ങളെയും സൗകര്യപൂർവം മറച്ചു വെച്ചുകൊണ്ട് സിഎഎയെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മുന്നോട്ടു കൊണ്ടു വരുന്നതില്‍ ബിജെപി വിജയിച്ചുവെന്നതാണ് സത്യം. പൗരത്വ ഭേദഗതി നിയമത്തെ ഒരു ഹിന്ദു – മുസ്ലിം വിഷയം എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് തന്നെയായിരുന്നു ബിജെപിയുടെ തന്ത്രം. ഹിന്ദു- മുസ്ലിം എന്ന വേർതിരിവോടെയേ തങ്ങളുടെ രാഷ്ട്രീയ അജണ്ട എക്കാലത്തും അവര്‍ക്ക് നടപ്പാക്കാന്‍ പറ്റൂ. ഈ തെരഞ്ഞെടുപ്പിലും ഹിന്ദു -മുസ്ലിം ധ്രൂവീകരണം ഉണ്ടാവുകയും മറ്റു നിര്‍ണ്ണായക വിഷയങ്ങളെല്ലാം ഇതില്‍ മുങ്ങിപ്പോകണമെന്നുമാണ് അവര്‍ ആഗ്രഹിച്ചത്. അത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്