കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയുമാണ്. ചില മുസ്ലിം സംഘടനകള്‍ ഈ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. ഈ കോലാഹലങ്ങള്‍ക്കെല്ലാമിടയില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ മുങ്ങിപ്പോവുകയുംചെയ്യുന്നു.
1955 ലാണ് ഇന്ത്യന്‍ പൗരത്വനിയമം ഉണ്ടാകുന്നത്. ഇതില്‍ മൂന്ന് വിധത്തിലാണ് പൗരത്വത്തിനുള്ള അർഹത നിർണയിച്ചിട്ടുള്ളത്. 1.ഇന്ത്യയില്‍ ജനിച്ചവ്യക്തി, 2. മാതാപിതാക്കള്‍ ഇന്ത്യാക്കാരായ വ്യക്തി, 3. ഇന്ത്യയിലേക്ക് കുടിയേറി പൗരത്വം അഭ്യർത്ഥിക്കുന്ന വ്യക്തി. ഈ നിയമത്തിന്റെ രണ്ടാം വകുപ്പിലുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരന് എന്ന നിര്‍വ്വചനമാണ് 2019ല്‍ ഭേദഗതി ചെയ്തത്. അതില്‍ പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നും മതപീഡനം നിമിത്തം 2014 ഡിസംബര്‍ 31 ന് മുമ്പ് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ് , ബുദ്ധ, ജൈന, പാഴ്സി മത വിശ്വാസികള്കളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കാണാതെ അവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നാണ് ഇപ്പോള്‍ വിവാദമായ ഈ ഭേദഗതി പറയുന്നത്. ഇതാണ് ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം മൂലകാരണവും.
ഇന്ത്യയില്‍ പൗരത്വം നല്‍കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ല . എന്നാല്‍ പുതിയ ഭേദഗതിയില്‍ ഈ മൂന്ന് രാജ്യങ്ങളിലെ മുസ്ലിംകൾ ഒഴിച്ചുളള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാമെന്നാണ് പറയുന്നത്. അത് മതാടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരാണെന്നും ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ആള് ഇന്ത്യ മുസ്ലിം ജമാഅത്തിനെ പോലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന പ്രമുഖ മുസ്ലിം സംഘടനകളുമുണ്ട്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ളാദേശിലും അത്ര പ്രബലരല്ലാത്ത മുസ്ലിം ജനവിഭാഗങ്ങള്‍ പലപ്പോഴും മതപീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഷിയാകളും അഹമ്മദീയരും ഇതില്‍ പെടും. എന്നാല്‍ അവരെയൊന്നും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിവേചനവും മതപീഡനവും അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും നൂറ്റാണ്ടുകളായി സ്വാഗതം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിർണയിക്കപ്പെടുന്നത്. മുസ്ലിമുകളെ തെരഞ്ഞു പിടിച്ച് ഒഴിവാക്കിയത് തന്നെയാണെന്നാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളും വിവിധ മുസ്ലിം സംഘടനകളും നിരത്തുന്ന വാദം.
മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ മുസ്ലീം സമൂഹം ഭൂരിപക്ഷം ആണെന്നും അവിടെ മതപീഡനം അനുഭവിക്കുന്ന ന്യുനപക്ഷങ്ങളെ മാത്രമാണ് ഈ ഭേദഗതിയില്‍ ഉള്പ്പടുത്തിയിട്ടുളളതെന്നും ബിജെപി നേതൃത്വം പറയുന്നു. മാത്രമല്ല ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിംകളെ ഈ നിയമം ഒരിക്കലും ബാധിക്കില്ലെന്നും മൂന്ന് അയൽ രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമാണ് ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നും സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു.
ഈ നിയമത്തിന് പുറമേ എന്‍ആര്‍സി അഥവാ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (ദേശീയ പൗരത്വ രജിസ്റ്റര്‍) കൊണ്ടുവരുമെന്നും അപ്പോഴാണ് ഈ നിയമത്തിന്റെ ആസുരഭാവം തിരിച്ചറിയുക എന്നുമാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ബംഗാള്‍, അസം, വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇവരില്‍ പലരും ദശാബ്ദങ്ങളായി മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയിൽ താമസിക്കുന്നത്. അവരില്‍ ഭൂരിഭാഗത്തിനും വോട്ടർ ഐഡി കാര്‍ഡ് ഉണ്ട്. അതുകൊണ്ട് വോട്ടു ചെയ്യാം. എന്നാല്‍ മറ്റൊരു രേഖയും പൗരത്വം തെളിയിക്കാനായി ഉണ്ടാകില്ല. വോട്ടർ ഐഡി കാര്‍ഡ് വിശ്വാസയോഗ്യമല്ലെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ ഇത്തരത്തിലുള്ള ലക്ഷണക്കിന് മനുഷ്യരുടെ ജീവിതം വഴിയാധാരമാകുമെന്നതാണ് വലിയ ആശങ്ക. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ജനങ്ങളുണ്ടാവുക എന്നത് വലിയ അപകടം പിടിച്ച കാര്യവുമാണ്.
അതേ സമയം ഏത് രാജ്യത്തിനും അവരുടെ പൗരന്മാരുടെ രജിസ്റ്റര്‍ സൂക്ഷിച്ചു കൊണ്ടേ മുന്നോട്ടുപോകാന്‍ പറ്റുകയുളളുവെന്നും പൗരന്മാരുടെ കണക്കെടുക്കരുതെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി പറയുന്നത്. അവര്‍ പറയുന്നതിലും കാര്യമുണ്ട്. കാരണം സര്‍ക്കാരിന് ഇവിടുത്തെ പൗരന്മാരുടെ വിവരങ്ങള്‍ ഇല്ലായെങ്കില്‍ അത് രാഷ്ട്രത്തിന്റ സുരക്ഷക്ക് തന്നെ വലിയ ഭീഷണിയുയര്‍ത്തും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത്തരത്തില്‍ പൗരത്വ രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടെന്നും ബിജെപിയും സര്‍ക്കാരും വാദിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ എത്രയുണ്ടെന്ന കൃത്യമായ കണക്കുകള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സൂക്ഷിക്കുന്നുണ്ടെന്നും ബിജെപി പറയുന്നു.
ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം ഈ ഭേദഗതി നിയമത്തെ വര്‍ഗീയ ധ്രൂവീകരണത്തിനായി വിവിധ രാഷ്ട്രീയകക്ഷികളും നേതാക്കളും ഉപയോഗിക്കുന്നുവെന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി ഈ നിയമം വിജ്ഞാപനം ചെയ്തത് രാജ്യത്ത് മതാടിസ്ഥാനത്തില്‍ ധ്രൂവീകരണം ഉണ്ടാക്കാനാണെന്ന ആരോപണം ശക്തമാണ്. അതോടൊപ്പം തന്നെ പ്രതിപക്ഷവും ഇതിനെ വര്‍ഗീയമായി ഉപയോഗിക്കുകയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ തങ്ങള്‍ ഈ നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു. ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ പ്രസ്താവന മാത്രമാണിത്. കാരണം പൗരത്വ നിയമം കേന്ദ്രത്തിന്റേതാണ്. എന്നുവച്ചാല്‍ കേന്ദ്രത്തിന് മാത്രം അധികാരമുള്ള യൂണിയന് ലിസ്റ്റില്‍ പെടുന്നതാണ് പൗരത്വം. ഇതില്‍ നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളു. കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും പൂർണതോതിൽ നിയമമാണ്. അത് നടപ്പാക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കാരണവശാലും ഒഴിഞ്ഞു നില്ക്കാന് കഴിയില്ല. കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. ജില്ലാ ഭരണകൂടത്തിനാണ് ഇതിന്റെ വിശദപരിശോധനയുടെ ഉത്തരവാദിത്തം നല്കിയിരിക്കുന്നതെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറത്ത് ഒന്നും ചെയ്യാന്‍ ഒരു ജില്ലാ ഭരണകൂടത്തിനും കഴിയില്ല. ഇന്ത്യയിലെ നിയമം നടപ്പാക്കാന്‍ പറ്റില്ലന്ന് ഒരു സംസ്ഥാന സര്‍ക്കാരിനും പറയാനും കഴിയില്ല. അങ്ങനെ പറയുന്നത് ശുദ്ധ കോമാളിത്തരമാണ്.
കേരളവും തമിഴ്നാടും പോലുളള സംസ്ഥാനങ്ങളിലൊന്നും ഈ നിയമം യാതൊരു ചലനവും ഉണ്ടാക്കില്ലെന്നതാണ് വാസ്തവം. അതിര്‍ത്തി സംസ്ഥാനങ്ങളി്ല് മാത്രമാണ് ഈ ഭേദഗതിക്ക് പ്രാധാന്യമുണ്ടാവുക. അതും അസമും ബംഗാളും പോലുളള സംസ്ഥാനങ്ങളില്‍. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നിട്ടുള്ള ന്യുനപക്ഷങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ പൗരത്വമുണ്ട്. എന്നുവച്ചാല്‍ വസ്തുതകളെക്കാള്‍ കൂടുതല്‍ ആശങ്കകളാണ് ഈ നിയമവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നത് എന്നര്‍ത്ഥം