കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ എട്ടുമാസത്തിനുള്ളിൽ പറന്നിറങ്ങിയത് 562 വിമാനങ്ങളാണ്. രാജ്യത്തെ നാലു ബിസിനസ് ജെറ്റ് ടെർമിനലുകളിൽ ഏറ്റവും വലുതാണ് കൊച്ചിയിലേത്. ഡൽഹിയും ബംഗളൂരുവും കഴിഞ്ഞാൽ നിലവിൽ കൂടുതൽ വിമാനങ്ങൾ ഇറങ്ങുന്നത് സിയാൽ ടെർമിനലിലാണ് എന്നാണ് കണക്കുകൾ വെളിവാക്കുന്നത്.
ചാർട്ടർ, സ്വകാര്യ വിമാനങ്ങൾക്കും യാത്രികർക്കും പ്രത്യേക സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ടെർമിനലിൽനിന്ന് പ്രതിമാസം ഏകദേശം 30 ലക്ഷം രൂപയാണ് വരുമാനം. ഒരുവർഷത്തിനുള്ളിൽ ആയിരത്തോളം വിമാനങ്ങൾ ഇവിടെ പറന്നിറങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡിസംബർ പത്തിനാണ് വിപുലമായ സൗകര്യങ്ങളുള്ള ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന് സമർപ്പിച്ചത്.
30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് ടെർമിനൽ പൂർത്തിയാക്കിയത്. അതീവസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ സേഫ് ഹൗസും സജ്ജം. രണ്ടു മിനിറ്റുകൊണ്ട് കാറിൽനിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാൽപ്പതിനായിരം ചതുരശ്രയടി വിസ്തീർണത്തിൽ ആകർഷകമായ ഇന്റീരിയറുകളുമാണ് ബിസിനസ് ജെറ്റ് ടെർമിനൽ ശ്രദ്ധേയമാകുന്നത്. സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ് ഇൻ പോർച്ച്, മനോഹരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, എമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്, വിദേശനാണ്യ കൗണ്ടർ, അത്യാധുനിക വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 23ന് ഐപിഎൽ താരലേലത്തിന് കൊച്ചി വേദിയായപ്പോൾ ലേലത്തിന് എത്തിയവർ ഉപയോഗിച്ചത് ബിസിനസ് ജെറ്റ് ടെർമിനലാണ്. ടെർമിനലിൽ ലേലത്തിന് എത്തിയവരുമായി അന്ന് പറന്നിറങ്ങിയത് 10 വിമാനങ്ങളാണ്. ജൂൺ 13നും 14നും ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ജി 20 രാജ്യങ്ങളുടെ സാമ്പത്തിക പ്രവർത്തകസമിതി യോഗത്തിനെത്തിയവർ എത്തിയതും ഇവിടെയാണ് ടെർമിനലിൽ ഒരുക്കിയത് അത്യന്താധുനിക സംവിധാനങ്ങളാണെന്ന് അംഗരാജ്യങ്ങളിൽനിന്നുള്ള 75 പ്രതിനിധികളും മേഖലയിലെ വിവിധ അന്താരാഷ്ട്ര, മേഖലാ സംഘടനകളുടെ പ്രതിനിധികളും അഭിപ്രായപ്പെട്ടിരുന്നു.