ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ഏറ്റവുമധികം പ്രതീക്ഷ വെക്കുന്നത് കേരളത്തിലെ 61 ലക്ഷത്തിലധികം വരുന്ന ക്രൈസ്തവ വിഭാഗങ്ങളിലാണ്. ഒരു കാലത്ത് ക്രൈസ്തവർ കോണ്‍ഗ്രസിന്റെ കുത്തക വോട്ട് ബാങ്കായിരുന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയ ജവഹര്‍ലാല്‍ നെഹ്റു അത്ഭുതത്തോടെ ചോദിച്ചത്രെ, കേരളത്തിലുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസോ അതോ ഇന്ത്യന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസോ എന്ന്. അന്നത്തെ പ്രമുഖരായ നേതാക്കളും ഭൂരിപക്ഷം അണികളും ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. പ്രധാന ക്രൈസ്തവ സഭകളെല്ലാം ഓരോ തെരഞ്ഞെടുപ്പിലും നിര്‍ലോഭം കോണ്‍ഗ്രസിനെ സഹായിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 90കളുടെ തുടക്കം മുതല്‍ ഈ രീതി പതിയെ മാറിത്തുടങ്ങി. റബര്‍ പോലുള്ള നാണ്യവിളകള്‍ക്കുണ്ടായ വിലയിടിവിനു പിന്നില്‍ 1991ൽ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തികനയമാണെന്ന് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടന്നു. അതോടൊപ്പം ബിജെപി അധികാരത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നും അത് ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ക്ക് ദോഷകരമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ബിജെപിയെ തടയാനുള്ള കോണ്‍ഗ്രസ് ശ്രമം എത്ര കണ്ട് വിജയിക്കുമെന്നൊക്കെയുള്ള ചര്‍ച്ചകളും ക്രൈസ്തവ സമുദായത്തില്‍ വ്യാപകമായി. 1989ല്‍ തന്നെ കേരളാകോണ്‍ഗ്രസിലെ പ്രബലവിഭാഗമായ ജോസഫ് ഗ്രൂപ്പ് സിപിഎമ്മിനോട് കൈകോര്‍ത്തിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള മൂന്ന് നാല് ദശാബ്ദങ്ങളില്‍ ക്രൈസ്തവര്ക്കിടയിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് വിരോധം പതിയെ പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കുടിയേറ്റ മേഖലകളിലടക്കം സിപിഎമ്മിന് നസ്രാണി നേതാക്കളും അണികളുമുണ്ടായി.
കേരള ക്രൈസ്തവരില്‍ ഏറ്റവും ശക്തരായവിഭാഗം സിറോ മലബാര്‍ സഭ അഥവാ റോമന്‍ കത്തോലിക്കാ വിശ്വാസികളാണ്. മൊത്തം ക്രൈസ്തവജനസംഖ്യയുടെ 38 ശതമാനം വരും അവര്‍. കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ കനത്ത സ്വാധീനമുള്ള സിറോ മലബാര്‍ സഭ കോണ്‍ഗ്രസിന്റ ഉറച്ച വോട്ടുബാങ്കായിരുന്നു. എന്നാല്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറോ മലബാര്‍ സഭക്ക് സ്വാധീനമുള്ള മേഖലകളെല്ലാം സിപിഎമ്മും ഇടതുമുന്നണിയും തൂത്തുവാരി. അതിന് ശേഷം എല്ലാ നിയമസഭാ തെരെഞ്ഞെടുപ്പുകളിലും സിറോ മലബാര്‍ സഭയുടെ വോട്ടുകള്‍ പകുതിയില്‍ താഴെ മാത്രമേ കോണ്‍ഗ്രസിനു ലഭിച്ചിട്ടുള്ളു. പത്ത് ലക്ഷത്തോളം വരുന്ന ലത്തീന്‍ ക്രിസ്ത്യാനികളും ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായിരുന്നു. പിന്നീട് അവര്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറുന്ന അവസ്ഥ വന്നു. പത്ത് ലക്ഷത്തോളം വരുന്ന ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളിലും അഞ്ച് ലക്ഷം വരുന്ന മാര്‍ത്തോമാ വിഭാഗത്തിലും സിപിഎമ്മും ഇടതു പക്ഷവും കടന്നു കയറാന്‍ തുടങ്ങിയത് കോണ്‍ഗ്രസിനുണ്ടാക്കിയ പരുക്ക് ചെറുതല്ലായിരുന്നു. മൂന്ന് ലക്ഷത്തോളമുള്ള സിഎസ് ഐക്കാരിലും പ്രൊട്ടസ്റ്റന്റ്- ദളിത് ക്രൈസ്തവ വിഭാഗങ്ങളിലും ഇടത് അനുഭാവം ശക്തമായി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ വലിയ മാറ്റം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തില്‍ ദൃശ്യമായി. ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങളും ചില മതമൗലികവാദ സംഘടനകള്‍ ക്രൈസ്തവ യുവതികളിലെ മതം മാറ്റി വിദേശത്ത് കൊണ്ടു പോയി അവരെ ഭീകരപ്രവര്ത്തനങ്ങള്ക്കുപയോഗിച്ചുവെന്ന വാര്‍ത്തകളും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിം ഭീതി ഉണ്ടാക്കി. ഇത് മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചതാണ് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ചില ട്വിസ്റ്റുകള്‍ സൃഷ്ടിച്ചത്. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ ആശങ്കപ്പെടുത്തിക്കൊണ്ട് കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ ക്രൈസ്തവ മേഖലകളിലേക്ക് കടന്നുകയറാന്‍ ബിജെപി വലിയ ശ്രമങ്ങള്‍ നടത്തി. ആദ്യഘട്ടത്തില്‍ ആ നീക്കങ്ങൾ ചെറിയ അളവിലെങ്കിലും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ മത മേലധ്യക്ഷര്‍ക്ക് വിശ്വാസം കുറഞ്ഞതും ഉമ്മന്‍ചാണ്ടി, കെ എം മാണി തുടങ്ങിയ നേതാക്കളുടെ അഭാവവും സിപിഎം അമിതമായി മുസ്ലിം . പ്രീണനം നടത്തുന്നുവെന്ന തോന്നലും ചില സഭകളെയെങ്കിലും ബിജെപിയിലേക്ക് ചെറുതായിട്ട് അടുപ്പിച്ചു. ആ അടുപ്പം ഇപ്പോഴും നിലനില്ക്കുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ എങ്ങോട്ട് ചായുമെന്ന് മൂന്ന് മുന്നണികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ജയിക്കാനുള്ള വോട്ട് ഇല്ലെന്ന് ഉറപ്പുള്ള തൃശൂര്‍ പോലുള്ള മണ്ഡലത്തില്‍ ബിജെപി ഇത്രയും ഫോക്കസ് ചെയ്യണമെങ്കില്‍ അത് അവിടുത്തെ ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ടു തന്നെയായിരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റെണിയെ മല്‍സരിപ്പിക്കുന്നതിന് പിന്നിലും ഇതേ ലക്ഷ്യം തന്നെയാണ്. ബിജെപി എത്ര കണ്ട് ക്രിസ്ത്യൻ മേഖലകളില്‍ കടന്നു കയറിയിട്ടുണ്ടെന്ന് വ്യക്തമാകാൻ പോകുന്ന തെരെഞ്ഞെടുപ്പാണിത്. ഇത്തവണ ഈ പരീക്ഷണം വിജയിച്ചില്ലെങ്കില്‍ ബിജെപിക്ക് തല്‍ക്കാലത്തേക്കെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളെക്കുറിച്ചുള്ള വ്യാമോഹം കൈവെടിയേണ്ടി വരും. പകുതിയെങ്കിലും വിജയിച്ചാലോ? ഈ ചോദ്യമാണ് മറ്റ് രണ്ട് മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്.