ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സര്‍ക്കാര്‍ മാധ്യമമായ ദൂരദര്ശന് കേരളാസ്റ്റോറി എന്ന വിവാദസിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ബിജെപി കരുതിക്കൂട്ടി നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ദൂരദര്‍ശനിലെ സിനിമാപ്രദര്ശനമെന്ന് ഇടതുവലതുമുന്നണികള് ഒരേ സ്വരത്തില്‍ ആരോപിച്ചു. ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചു മതം മാറ്റി വിദേശത്തേക്ക് ഭീകരപ്രവര്‍ത്തനത്തിനായി കടത്തുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ഈ ചിത്രം സിറോ മലബാർ സഭയിലെ ഇടുക്കി രൂപത തങ്ങളുടെ ഇടവകകളിലെ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചതോടെ രണ്ടു മുന്നണികളും പുലിവാല് പിടിച്ചപോലെയായി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇടുക്കി രൂപതയുടെ ഈ നീക്കത്തെ തള്ളിപ്പറഞ്ഞില്ല. തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇടുക്കി രൂപതയേപ്പോലുള്ള ഒരു മതസ്ഥാപനത്തെ എതിര്‍ക്കുക എന്നത് ഇരുമുന്നണികള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല. ചുരുക്കത്തില്‍ തങ്ങളുടെ എതിര്‍പ്പ് ദൂരദര്‍ശനിലെ സിനിമയോട് മാത്രമായി ഇവര്‍ക്ക് ചുരുക്കേണ്ടി വന്നു.
കേരളാസ്റ്റോറി എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് കേരളത്തില്‍ അലയൊലികള്‍ ഉണ്ടാക്കുമെന്ന് ബിജെപി നേതൃത്വത്തിനറിയാമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയപ്രചാരണത്തിന്റെ നരേറ്റീവ് മാറ്റുക എന്ന ഉദ്ദേശം ബിജെപിക്കുണ്ടായിരുന്നു. ചര്‍ച്ച വഴിതിരിച്ചുവിടുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു അവര്‍ കേരളാസ്റ്റോറി ദൂരദര്‍ശനില്‍ കാണിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഇടുക്കി കത്തോലിക്കാ രൂപത ഈ സിനിമയെടുത്ത് കൈകാര്യം ചെയ്യുമെന്ന് അവരും കരുതിയില്ല. ഇക്കാര്യത്തില്‍ ബിജെപി വളരെ സന്തോഷത്തിലാണ്. മുസ്ലിം സംഘടനകളെ സ്ഥാനത്തും അസ്ഥാനത്തും പ്രീണിപ്പിക്കുന്ന ഇടതുവലതുമുന്നണികള്‍ക്കെതിരെ ഒരു താക്കീതായാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് ഇടുക്കി രൂപതയിലെ വൈദികരില്‍ ചിലര്‍ രഹസ്യമായി പറയുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ കേരളാസ്റ്റോറിയും ലൗജിഹാദും ചര്‍ച്ച ചെയ്യപ്പെടാതിരിക്കണമെന്ന് തന്നെയാണ് സിപിഎമ്മും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മുഴുവന്‍ അത് വഴിതെറ്റിക്കുമെന്ന് അവര്‍ ഭയക്കുന്നു. എന്നാൽ ഇടുക്കി രൂപതക്ക് മാത്രമല്ല, കേരളത്തിലെ മറ്റ് ചില കത്തോലിക്കാ രൂപതകള്‍ക്കും ഈ വിഷയത്തില്‍ സമാനനിലപാട് തന്നെയാണ്. ഇതെല്ലാം വോട്ടിംഗില്‍ പ്രതിഫലിക്കുമോ എന്ന പേടിയും ഇരുമുന്നണികള്‍ക്കുമുണ്ട്.
ഇപ്പോള്‍ ഇടുക്കി രൂപത ഇത്തരമൊരു നിലപാട് എടുക്കാന്‍ കാരണം എന്താണ്? ഒടിടി പ്ലാറ്റ്ഫോമുകളിൽ കാണാവുന്ന ഈ സിനിമ തങ്ങളുടെ ഇടവകകളിലെ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനാണെന്നാണ് രൂപതാധികൃതര്‍ പറയുന്നത്. എന്നാല്‍ അതുമാത്രമല്ല കാര്യം. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ മുസ്ലിങ്ങളെ അതിരുകടന്ന് പ്രീണിപ്പിക്കുന്നുവെന്ന പരാതി ക്രൈസ്തവരിലെ ഒരു വിഭാഗത്തിന് നന്നായിട്ടുണ്ട്. ഇസ്രായേല്‍ ഹമാസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരും സിപിഎമ്മും പരസ്യമായി ഹമാസിന് വേണ്ടി നിലകൊണ്ടെന്ന പരിഭവവും വിവിധ ക്രൈസ്തവസഭകള്‍ക്കുണ്ട്. ഈ അസംതൃപ്തിയെല്ലാം പ്രകടിപ്പിക്കാന്‍ പറ്റിയ സമയം ഇതാണെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെയാണ് കേരളാ സ്റ്റോറി കാണിക്കാൻ അവർ തീരുമാനിച്ചത്.
ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തെരെഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കുമെന്ന പേടി ഇരുമുന്നണികള്‍ക്കുമുണ്ട്. തൃശൂര്‍, ചാലക്കുടി, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട നിയോജകമണ്ഡങ്ങളില് ജയിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇടതുമുന്നണിക്കാകട്ടെ പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലും വലിയ വിജയപ്രതീക്ഷയുണ്ട്. ദൂരദര്‍ശനില്‍ വന്ന കേരളാസ്റ്റോറി ഇടുക്കി രൂപതയിലെ ഇടവകകളില്‍ സഭ തന്നെ പ്രദര്‍ശിപ്പിച്ചതിനെതിരെ എന്തെങ്കിലും മിണ്ടിയാല്‍ രണ്ടുകൂട്ടർക്കും അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയാകും. മറ്റ് ക്രൈസ്തവസഭകളും ഈ വഴിക്ക് നീങ്ങിയാല്‍ അത് വലിയ സാമൂഹ്യപ്രശ്നമാകുമെന്ന ഭയവും മുന്നണികള്‍ക്കുണ്ട്.
ന്യൂനപക്ഷവോട്ടുകള്‍ വിഘടിച്ചാൽ ഇടതുമുന്നണിയേക്കാള്‍ ദോഷമുണ്ടാവുക യുഡിഎഫിന് തന്നെയായിരിക്കും. കാരണം യുഡിഎഫിന്റെ വന്‍ വിജയങ്ങളെല്ലാം രണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെയും വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ ഒരുപോലെ വീണപ്പോള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം. അതുകൊണ്ടു തന്നെ രണ്ട് മുന്നണികളും ഈ വിഷയത്തില്‍ ഇടപെട്ട് പരിക്ക് പറ്റാതിരിക്കാനുള്ള ശ്രമമാണ് തന്ത്രപൂർവം നടത്തുന്നത്.