തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള ആദ്യ കപ്പല്‍ ഷെന്‍ഹുവ 15 തീരത്തെത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്ത് നങ്കുരമിട്ടത്. ഒക്ടോബര്‍ 15നാണ് ഔദ്യോഗിക സ്വീകരണച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും കപ്പലിലുള്ള ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ തുടങ്ങുക.
ചൈനയിലെ ഷാംഗ്ഹായ് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ഇന്ത്യന്‍ തീരത്ത് എത്തിയെങ്കിലും നേരേ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേയ്ക്ക് പോവുകയായിരുന്നു. മുന്ദ്രയില്‍ ക്രെയിന്‍ ഇറക്കിയ ശേഷമാണ് കപ്പല്‍ വിഴിഞ്ഞത്തേയ്ക്ക് പുറപ്പെട്ടത്.വിഴിഞ്ഞത്തേക്ക് ആകെ എട്ട് ഷിപ് ടു ഷോര്‍ ക്രെയിന്‍ എത്തിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണു ഷെന്‍ഹുവ 15ല്‍ ഉള്ളത്. ക്രെയിന്റെ ഉയരം 94.78 മീറ്ററാണെങ്കിലും ഉയര്‍ത്തിവയ്ക്കുമ്പോള്‍ 107 മീറ്റര്‍ ഉയരമുണ്ടാകും. 1620 ടണ്‍ ആണു ഭാരം. വീതി 42 മീറ്ററാണ്.
24 റെയില്‍ മൗണ്ടഡ് ഗ്രാന്റി ക്രെയിനുകള്‍ അഥവാ ആര്‍എംജി ക്രെയിനുകളും വിഴിഞ്ഞത്ത് ആവശ്യമായി വരും. ഇതില്‍ രണ്ടെണ്ണവും ആദ്യ ചരക്കുകപ്പലില്‍ ഉണ്ട്. യാഡില്‍നിന്നു കണ്ടെയ്നര്‍ ട്രെയിലറിലേക്കും ട്രെയിലറില്‍നിന്നു യാഡിലേക്കും മാറ്റുന്ന ക്രെയിനാണ് ഇത്. വിഴിഞ്ഞത്ത് എത്തിക്കുന്ന ആര്‍എംജി ക്രെയിനിന് 31.46 മീറ്ററാണ് ഉയരം. 42 മീറ്ററാണ് വീതി. ഭാരം 365 ടണ്ണാണ്.