ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പേര് നല്കി ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. അരുണാചലിന് മേലുള്ള തങ്ങളുടെ അവകാശവാദം ഇന്ത്യയെ ചൊടിപ്പിക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഈ നടപടി. സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കികൊണ്ടുള്ള നാലാമത്തെ പട്ടികയാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ചൈനയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് അരുണാചല്‍പ്രദേശെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതാദ്യമായല്ല ഇന്ത്യന്‍ പ്രദേശത്തിനുള്ളിലെ സ്ഥലങ്ങളുടെ പേരുമാറ്റാന്‍ ചൈന ശ്രമിക്കുന്നത്. ഭരണപരമായ ഡിവിഷനുകള്‍ സ്ഥാപിക്കുന്നതിനും പേരിടുന്നതിനും ചുമതലപ്പെടുത്തിയ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റേതാണ് പേരിടല്‍ നടപടി.’സാങ്നാന്‍’ എന്നാണ് അരുണാചല്‍പ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനീസ് ആഭ്യന്തര വകുപ്പിന്റെ വെബ്സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പ്രസിദ്ധീകരിച്ചത്.
അരുണാചല്‍പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. മേയ് ഒന്ന് മുതല്‍ പുതിയ സ്ഥലപ്പേരുകള്‍ നിലവില്‍ വരുമെന്നും ചൈന അവകാശപ്പെടുന്നു. അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിക്കൊണ്ട് 2017ലാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. 15 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്കി 2021ലും 11 സ്ഥലങ്ങള്‍ക്ക് പേര് നല്കി 2023ലും പട്ടിക പുറത്തിറക്കിയിരുന്നു. സംസ്ഥാനം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ‘കണ്ടുപിടിച്ച’ പേരുകള്‍ നല്‍കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ മാറ്റുന്നില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു.
മാര്‍ച്ച് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ സേല തുരങ്കം മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ വലിയ അതൃപ്തിയാണ് ചൈനക്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാനത്തെ 30 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കിയുള്ള ചൈനയുടെ നടപടി.