ന്യൂഡല്‍ഹി : നിയന്ത്രണ രേഖയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഈ വിഷയത്തില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിന് ജിയാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് വഴിവയ്ക്കുന്ന സുപ്രധാനതീരുമാനത്തിലെത്താന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തീരുമാനം നടപ്പാക്കാന്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന പറഞ്ഞ അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നടത്താന്‍ തയ്യാറായില്ല. കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് ഇക്കാര്യം പിന്നീട് അറിയിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
2020 ജൂണിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു. നിയന്ത്രണരേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്നലെ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി അറിയിച്ചിരുന്നു. നിയന്ത്രണ മേഖലയില്‍ പട്രോളിങ് നടത്താന്‍ ധാരണയായതായും യഥാര്‍ഥ നിയന്ത്രണ രേഖില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.