ന്യൂഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ. മദ്രസകളില്‍ മുസ്ലീം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
മുസ്ലീം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസയില്‍ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാനങ്ങളും അംഗീകാരം നല്കുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ സംരക്ഷണ നിയമത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ മദ്രസകള്‍ തടസമായി നില്‍ക്കുന്നുണ്ട്. മദ്രസാ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്.