തിരുവനന്തപുരം : ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.
തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ് വിശദമായ പോസ്റ്റ് ഇടുന്നതെന്നും ശാരദ മുരളീധരന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും ഭര്‍ത്താവ് വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുപ്പ് എന്ന നിറത്തെ എന്തിനാണ് ഇത്ര മോശമായി കാണുന്നത്?. കറുപ്പ് മനോഹരമായ നിറമാണ്. കറുപ്പ് എന്നത് എന്തും ആഗിരണം ചെയ്യാൻ കഴിയുന്ന ഒന്നാണ്. കറുപ്പിനെ എന്തിനാണ് നിന്ദിക്കുന്നതെന്നും, പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.