കൊച്ചി : കെഎസ്ആര്‍ടിസി പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകാതിരുന്നതാണ് വിമര്‍ശനത്തിന് കാരണം. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
സമയബന്ധിതമായി ശമ്പളം കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.