കൊല്ലം : ദേശീയപാത നിർമാണത്തിൽ ചില പിഴവുകൾ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുത്തു നൽകിയതിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമെന്നും നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ചിലർ രംഗത്ത് വന്നിട്ടുണ്ടെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത നിർമ്മിക്കുന്നത് നാഷണൽ ഹൈവെ അതോറിറ്റിയാണ്. റോഡുകളുടെ അടിസ്ഥാന വികസനത്തിനായ് 45 മീറ്റർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. പിന്നീട് അത് നടന്നില്ല. 2016ൽ എൽഡിഎഫ് വന്നപ്പോൾ ആ സ്ഥിതി മാറ്റി. യുഡിഎഫ് കാട്ടിയ കെടുകാര്യസ്ഥതക്ക് വലിയ വില കൊടുക്കേണ്ടി വന്നു. 5600 കോടി രൂപ ഈ സർക്കാർ നൽകേണ്ടി വന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.