തിരുവനന്തപുരം: മുന്നോട്ടുള്ള യാത്രയില്‍ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയുമെല്ലാം ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവയെ പിറകോട്ടടിപ്പിക്കാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളണം. അപ്പോള്‍ മാത്രമെ സ്വാതന്ത്ര്യം കൂടുതല്‍ അര്‍ഥപൂര്‍ണമാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ല. എല്ലാ മനുഷ്യരെയും തുല്യരായിക്കണ്ടും സമൂഹത്തിന്റെ ആകെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി പരിഹരിച്ചുമാണ് കേരളം പലകാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയും എല്ലാം അതിന് ഉപകരിച്ചിട്ടുണ്ട്. മുന്നോട്ടുള്ള നമ്മുടെയാത്രയില്‍ അവയെ എല്ലാം കൂടതുല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ആയുര്‍ദൈര്‍ഘ്യം, വരുമാനം, സാക്ഷരത എന്നീകാര്യങ്ങളില്‍ രാജ്യം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയുണ്ട്. ആഗോളതലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മള്. ലോക ഐടിരംഗത്ത് ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശാത്തും ചന്ദ്രനിലുമൊക്കെ നമ്മുടെ സാങ്കേതിവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുര്‍വേദവും യോഗയുമെല്ലാം ലോകശ്രദ്ധയിലെത്തിയിരിക്കുന്നു എന്നത് വലിയ നേട്ടമാണെന്നും പിണറായി പറഞ്ഞു.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു രാഷ്ട്രമെന്ന നിലയില്‍ പുതിയ ദശയിലേക്ക് നീങ്ങിയ പലരാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക സാമൂഹിക ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന സാധ്യത കാണാതെ പോകരുത്. ആ തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയ ഊര്ജമായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു