കൊച്ചി: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് പോലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം എത്തിയത്. ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി. ഇതിന് പിന്നാലെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണില്‍നിന്നാണ് വധഭീഷണി എത്തിയതെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ പരിശോധനിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. സ്കൂളില്‍നിന്ന് എമര്‍ജന്‍സി ആവശ്യത്തിന് വിളിക്കാനായി നല്കിയ കണ്ട്രോള് റൂമിന്റെ നമ്പര്‍ കുട്ടി ദുരുപയോഗിക്കുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയെന്നും സംഭവത്തിന് പിന്നില്‍ മറ്റ് ദുരൂഹതയൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.