തിരുവനന്തപുരം : നവകേരള സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷ തീരുമാനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണ തീരുമാനം പ്രതിപക്ഷം തിരുത്തണം. എന്തിനെയും ധൂർത്തെന്ന് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
140 മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 41 മണ്ഡലങ്ങളിൽ പ്രതിപക്ഷ എംഎൽഎമാരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കേണ്ടത്. ഇതിൽ വിഭാഗിയചിന്ത സർക്കാരിനുണ്ടായിട്ടില്ല. എന്തിനാണ് ഇത് ബഹിഷ്കരിക്കുന്നത്. എല്ലാത്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സൃഷ്ടിക്ക് കൂടുതൽ കരുത്താവുന്നതാകും പരിപാടി. ആലോചിച്ച് തിരുത്താൻ പറ്റുമോ എന്ന് പ്രതിപക്ഷം ആലോചിക്കണം. ഇത് രാഷ്ട്രീയ പരിപാടി അല്ല. കേരളത്തിന്റെ തനതുപരിപാടിയാണ്. നമ്മുടെ നേട്ടങ്ങൾ പറയാനുള്ള പരിപാടിയാണ്. ഇത് പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചു ചെയ്യേണ്ടതാണ്. നമ്മുടെ പ്രതിപക്ഷത്തിന് അങ്ങനെ കാണാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.