ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അടക്കം കേരള സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.
വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആകാമെന്ന് കേന്ദ്രധനമന്ത്രി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല എന്നാണ് സൂചന.